പയ്യോളി: വളർത്തു നായക്കുട്ടിയെ വാങ്ങാനായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി പിഞ്ചുസഹോദരങ്ങൾ മാതൃകയായി.
തിക്കോടി പള്ളിത്താഴ സുരേഷ് ബാബുവിന്റെ മക്കളായ ആയുഷ് ബാബുവിന്റെയും സഹോദരൻ ആദിഷ് ബാബുവിന്റെയും ഏറെക്കാലത്തെ മോഹമായിരുന്നു വീട്ടിൽ വളർത്താനായി ഒരു പട്ടിക്കുട്ടിയെ സ്വന്തമാക്കുകയെന്നത്.
ഇതിനായി ബന്ധുക്കളും മറ്റും നല്കിയ പണം കഴിഞ്ഞ ആറു മാസമായി സ്വരൂപിച്ച് വയ്ക്കുകയായിരുന്നു പയ്യോളി ഭജനമഠം യുപിസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി കൂടിയായ ആയുഷും തൃക്കോട്ടൂര്‍ വെസ്റ്റ് എല്‍പി സ്കൂള്‍ വിദ്യാര്‍ഥിയായ സഹോദരൻ ആദിഷും.
വീടിനടുത്ത് കച്ചവടം നടത്തുന്ന അച്ഛന്റെ ജോലിതിരക്ക് മൂലം അമ്മയേയും കൂട്ടി മക്കള്‍ ഇരുവരും തുക കൈമാറാനായി പയ്യോളി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
കാര്യമറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ പണം സ്വീകരിക്കാനായി ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പയ്യോളിയിലെ റൂറല്‍ ജില്ല സി ബ്രാഞ്ച് ( ക്രൈം ബ്രാഞ്ച് ) ഓഫീസിൽ സന്ദര്‍ശനത്തിന് എത്തുന്നത്.
വിവരമറിഞ്ഞതോടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായ നാലായിരം രൂപ കുട്ടികളില്‍ നിന്ന് മന്ത്രി നിറമനസോടെ നേരിട്ട് ഏറ്റുവാങ്ങി. സി ബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസ്, എസ്ഐമാരായ വി.പി. രാമകൃഷ്ണന്, സി.കെ.സുജിത്ത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തുക കൈമാറിയ സഹോദരങ്ങളെ മന്ത്രി പ്രത്യേകംഅഭിനന്ദിച്ചു .