മുക്കം: കഴിഞ്ഞ ദിവസം മുക്കം പോലീസ് സാഹസികമായി പിടികൂടിയ മാല മോഷ്ടാവിന് കോവിഡ് 19 രോഗബാധയില്ല. കണ്ണൂർ ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ഇയാളുടെ ആദ്യ സ്രവ പരിശോധന ഫലം നെഗറ്റീവാണ്. ഇതാടെ മുക്കം പോലീസിന് വലിയ ആശ്വാസമായിരിക്കുകയാണ്.
മന്നുവയസ്സുകാരന്റെ മാല പിടിച്ചു പറിച്ച കേസിൽ പിടിയിലായ നടുവണ്ണൂർ സ്വദേശി ബഷീറിന് പനിലക്ഷണങ്ങൾ കണ്ടതാണ് പോലീസിനെ വലച്ചത്. റിമാൻഡ് ചെയ്ത പ്രതിയെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിനാൽ ആറ് പോലീസുകാർ ക്വാറന്റൈ യിനിൽ പോവേണ്ടി വന്നു.
കഴിഞ്ഞ ദിവസമാണ് മുക്കം വെസ്റ്റ് വെണ്ണക്കോട് പുതിയോത്ത് ശഫീഖിന്റെ മൂന്നു വയസ്സുകാരനായ മകന്റെ മാല അപഹരിക്കപ്പെട്ടത്. മാതാവ് അലക്കിയ വസ്ത്രങ്ങൾ എടുക്കാൻ പോയ സമയത്താണ് മാസ്ക് ധരിച്ചെത്തിയ ആൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ മുക്കം പോലീസ് സ്ഥലത്തെത്തുകയും നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടുവണ്ണൂർ സ്വദേശിയായ ബഷീറിനെ 12 മണിക്കൂറിനകം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നടുവണ്ണൂരിലെ വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇയാൾ പുതുപ്പാടി കാക്കവയലിലെ ഭാര്യാവീട്ടിലാണെന്ന് മനസിലാക്കുയും അവിടെയത്തി പിടികൂടുകയുമായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു .
ജയിലിലെത്തിയപ്പോൾ പ്രതി ചുമയും തൊണ്ടവേദനയും ഉണ്ടെന്ന് പറഞ്ഞതോടെ കോവിഡ് പരിശോധന നടത്തണമെന്ന് ജയിൽ അധികൃതർ നിർദ്ദേശിച്ചു. ഇതുപ്രകാരം പ്രതിയേയുമായി മൂന്നു പോലീസുകാർ ആശുപത്രിയിലെത്തുകയും ഒരു ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തു.
പിന്നീട് പോലീസ് ജീപ്പിൽ രണ്ട് പോലീസുകാരെ ആശുപത്രിയിൽ എത്തിച്ചാണ് ആദ്യം പോയ മൂന്നുപേരെ തിരിച്ചെത്തിച്ചത്. തുടർന്ന് ഡ്രൈവർ ഉൾപ്പെടെ നാലു പോലീസുകാരെയും ക്വാറ ന്റൈയിനിൽ അയയ്ച്ചു.
തിങ്കളാഴ്ച രണ്ട് പോലീസുകാർ വീണ്ടും പ്രതിക്ക് എസ്കോട്ട് ഡ്യൂട്ടിക്ക് പോവുകയും നിലവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാർ ക്വാറന്റൈ യിനിൽ പ്രവേശിക്കുകയും ചെയ്തു.
ജയിൽ നിന്നും രക്ഷപ്പെടാൻ പ്രതി രോഗം അഭിനയിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപത്തിമൂന്നോളം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മൂന്നു വർഷം മുൻപ് അഗസ്ത്യൻമുഴിയിൽവച്ച് മാലമോഷ്ടിച്ചതിന് മുക്കം പൊലിസിന്റെ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.