മറയൂർ: മഹാരാഷ്ട്രയിൽനിന്നും പല വാഹനങ്ങൾ കയറി മറയൂരിലെത്തിയ യുവാവിനെ ക്വാറന്റൈനിലാക്കി. മറയൂർ പയസ് നഗർ സ്വദേശി മണികണ്ഠനാണ് നടന്നും ചരക്കുലോറിയിലും ബൈക്കിലുമായി കേരളത്തിലെത്തിയത്.
കഴിഞ്ഞ നവംബർ മുതൽ യുവാവ് മഹാരാഷ്ട്രയിൽ അരോണയിലെ സ്വകാര്യ കന്പനിയിലാണ് ജോലിചെയ്തിരുന്നത്. ഇവരുടെ കന്പനി തന്നെയാണ് ഭക്ഷണവും താമസ സൗകര്യവും ഒരൂക്കിയിരുന്നത്. രാജ്യം മുഴുവൻ ലോക്ക് ഡൗണ് ആയപ്പോൾ ജോലിചെയ്തിരൂന്ന കന്പനിയും വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ യുവാക്കളെ കൈയൊഴിയുകയായിരുന്നു.
ആദ്യ ആഴ്ച പിന്നിട്ടതോടെ ഭക്ഷണം ലഭിക്കാതായി. പിന്നീട് താമസസ്ഥലത്തുനിന്നും വാടക നൽകാത്തതിന്റെ പേരിൽ പുറത്താക്കി. പോലീസിന്റെ സഹായമോ ഭക്ഷണമോ ലഭിക്കാതെവന്നപ്പോൾ നാടുകളിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
താമസ സ്ഥലത്തുനിന്നും നടന്ന് മാർക്കറ്റിലെത്തി തമിഴ്നാട്ടിലേക്ക് ചരക്കൂമായി വരുന്ന ലോറി കണ്ടുപിടിച്ച് സഹായം അഭ്യർഥിച്ചു. 2000 രൂപ നൽകിയാൽ ഈറോഡിലെത്തിക്കാമെന്ന് അറിയിച്ചതിനേതുടർന്ന് തുക നൽകി. ചൊവ്വാഴ്ച പുലർച്ചെ ഈറോഡിലെത്തി. ഇവിടെനിന്നൂം ഇവർ തന്നെ കോയന്പത്തൂരിലേക്ക് മറ്റൊരു ലോറിയിൽ കയറ്റിവിട്ടു.
കോയന്പത്തൂരിലുള്ള സ്വന്തക്കാരെ ബന്ധപ്പെട്ട് ബൈക്ക് സംഘടിപ്പിച്ചു. ബൈക്കിൽ തമിഴ്നാട് അതിർത്തിയിൽ എത്തിയപ്പോൾ യുവാവിനെ തടഞ്ഞു. വന്ന സ്ഥലത്തേക്ക് മടങ്ങാനായിരുന്നു നിർദേശിച്ചത്.
പിന്നീട് മറയൂരിലുള്ള ബന്ധുക്കളെ അറിയിച്ചതിനേതുടർന്ന് എസ്. രാജേന്ദ്രൻ എംഎൽഎ, യുവജന ക്ഷേമ ബോർഡ് ജില്ലാ കോ- ഓഡിനേറ്റർ വി. സിജിമോൻ എന്നിവർ ഇരുസംസ്ഥാനങ്ങളിലേയും ജില്ല ഭരാണാധികാരികളുമായി ബന്ധപ്പെട്ട് യുവാവിനെ കർശന നിബന്ധനകളോടെ ക്വാറന്റൈൻ ചെയ്യണമെന്ന് നിർദേശംനൽകി കേരളത്തിലേക്ക് കടത്തി.
മറയൂർ – കാന്തല്ലൂർ ആരോഗ്യ കേന്ദ്രങ്ങളിലെ സാമൂഹ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർചേർന്ന് യുവാവിനെ കാന്തല്ലൂരിലെത്തിച്ച് ക്വാറന്റൈൻ ചെയ്തു.