കൊടുമൺ: കൊടുമൺ അങ്ങാടിക്കലിലെ വിദ്യാർഥിയുടെ കൊലപാതകം അന്വേഷണ സംഘം വിപുലീകരിച്ചു. അന്വേഷണം ഊർജിതമാക്കി. അടൂർ ഡിവൈഎസ്പി ജവഹർ ജനാർദിനാണ് ചുമതല. ഏനാത്ത് സിഐ ജയകുമാർ, കൂടൽ എസ്ഐ എസ്.ആർ. സേതുനാഥ്, കോന്നി എസ്ഐ വി.എസ്. കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കഴിഞ്ഞ ദിവസം കൊടുമൺ എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ജുവനൈൽ ഹോമിൽ എത്തി കുറ്റാരോപിതരായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ രക്ത സാമ്പിളും വിരലടയാളവും എടുത്തിരുന്നു.
കസ്റ്റഡിയിലെടുത്ത സമയത്ത് പറഞ്ഞതിൽനിന്നു വ്യത്യസ്തമായ മറ്റൊരു മൊഴിയും അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞതായാണ് സൂചന. ഇത് അന്വേഷണസംഘം പരിശോധിക്കുന്നു. സംഭവത്തിൽ ഊർജിത അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംഭവസ്ഥലത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് മൃതദേഹം മൂടിയ മണ്ണ് മാറ്റിച്ചത് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് അടൂർ ആർഡിഒയും തഹസീൽദാറും സ്ഥലം സന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രതികളെ കൊണ്ട് മണ്ണ് മാറ്റിച്ച വീഡിയോ പോലീസിൽ തന്നെയുള്ളവർ പ്രചരിപ്പിച്ചതായാണ് പറയുന്നത്. ഈ സംഭവം പോലീസിലും ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്.