സെബി മാത്യു
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വിദേശത്തു കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ കരട് പദ്ധതി രൂപീകരിച്ചു കേന്ദ്ര സർക്കാർ. തിരികെ എത്തിക്കേണ്ടവരുടെ പട്ടിക ഇന്ത്യൻ എംബസികളായിരിക്കും തയാറാക്കുക. ഇതിനു പ്രത്യേക കണ്ട്രോൾ റൂം ആരംഭിക്കും.
കേന്ദ്രസർക്കാരിന്റെ മുൻഗണനാപട്ടിക അനുസരിച്ച് ഗൾഫ് മേഖലയിലുള്ള പാവപ്പെട്ട തൊഴിലാളികളെ ആയിരിക്കും ആദ്യം തിരിച്ചെത്തിക്കുക. പ്രധാനമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പാവപ്പെട്ട തൊഴിലാളികളെ ആദ്യം കൊണ്ടുവരുന്നത്.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കാണ് രണ്ടാമത് പരിഗണന നൽകുന്നത്. ഏകദേശം നാൽപതിനായിരത്തോളം വിദ്യാർഥികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്.
ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുന്പ് ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം ഇവരെ ഇവിടെ എത്തിച്ച ശേഷം ക്വാറന്റൈൻ ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
ഗൾഫ് മേഖലയിൽ അടക്കം കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കാൻ വ്യോമസേനയും നാവിക സേനയും ചേർന്നു പ്രവർത്തിക്കും. ഗൾഫ് മേഖലയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ തിരികെ എത്തിക്കാൻ നാവിക സേനയുടെ വലിയ മൂന്നു കപ്പലുകൾ തയാറായിക്കഴിഞ്ഞതായാണു വിവരം.
നാവിക സേനയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ഐഎൻഎസ് ജലാശ്വയും ഈ ദൗത്യത്തിന്റെ ഭാഗമാകും. സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനവും ഐസൊലേഷൻ സംവിധാനങ്ങളും കപ്പലുകളിൽ ഒരുക്കും.
യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലാണ് ഏറെയും ഇന്ത്യക്കാരുള്ളത്. ഘട്ടം ഘട്ടമായി ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടിക്രമങ്ങളിലാണ് ഈ ആറു രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ.
നാവിക സേനയുടെ ഒരു കപ്പലിൽ ഒരു സമയം 500 ആളുകളെ മാത്രമേ തിരികെ എത്തിക്കൂ. പലതവണ പോയ് വരേണ്ടി വന്നാൽ പോലും കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കും എന്നാണ് അധികൃതർ പറഞ്ഞത്.
ഇന്ത്യക്കാരുടെ മടങ്ങി വരവ് കോവിഡ് വ്യാപനത്തിനുള്ള മറ്റൊരു വേദിയാകില്ല. കരയിൽ ഇറങ്ങുന്ന എല്ലാവരും തന്നെ കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തുമെന്നും നാവിക സേനയും ഉറപ്പു നൽകുന്നു.
കപ്പലിന്റെ മുകൾത്തട്ടിൽ പുരുഷൻമാരെയും തുറന്ന സ്ഥലങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും മുതിർന്നവർക്കു താഴത്തെ നിലയിലും സൗകര്യമൊരുക്കും.
ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും കപ്പലിൽ കരുതലുണ്ടാകും. മുംബൈ, കൊച്ചി, വിശാഖപട്ടണം തുറമുഖങ്ങളിൽ കപ്പലുകൾ തയാറായി കിടക്കുകയാണെന്നും നാവികസേന വൃത്തങ്ങൾ അറിയിച്ചു.
വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റർ വിമാനങ്ങളും എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളും ദൗത്യത്തിൽ ചേരും. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നതാണ് വ്യോമസേന വിമാനങ്ങളുടെ ലക്ഷ്യം.