സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗൺ മേയ് മൂന്നിനു കഴിഞ്ഞാലും സംസ്ഥാനത്തു പൊതുഗതാഗത സംവിധാനം ഉടൻ പുനരാരംഭിക്കില്ലെന്നു മന്ത്രിസഭാ യോഗത്തിൽ സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
മേയ് മൂന്നിനു ശേഷവും സംസ്ഥാനത്തു കർശന നിയന്ത്രണങ്ങൾ തുടരും. ലോക്ക്ഡൗണിനു ശേഷമുള്ള കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശങ്ങൾ വന്നശേഷം കൂടുതൽ തീരുമാനം എടുക്കാമെന്നു മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപന ആശങ്കയിൽ മാറ്റമില്ലെന്നും പ്രവചനാതീത സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ആവശ്യമില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നു രോഗബാധയുള്ളവർ വരുന്നതു വലിയ വെല്ലുവിളിയാണ്.
അപകടകരമായ രീതിയിലാണ് പുറത്തു നിന്ന് ആളുകൾ നുഴഞ്ഞു കയറുന്നത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളിലും കൂടുതൽ ശക്തമായ പരിശോധന നടത്തും.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വനപാതകൾ എല്ലാം അടയ്ക്കും. സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ടി വരും.
ഒരു ഘട്ടം കഴിയുമ്പോൾ കോവിഡ് ബാധിതരുടെ എണ്ണം കാര്യമായി വർധിക്കുമെന്നും അതിനു ശേഷമേ കുറയുകയുള്ളൂവെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, കേരളത്തിൽ രോഗബാധിതരുടെ എണ്ണം വലിയ തോതിൽ വർധിക്കാതെ നിയന്ത്രിക്കാൻ ഇതുവരെ സർക്കാരിനു സാധിച്ചിട്ടുണ്ടെന്നും വിലയിരുത്തലുണ്ടായി.