ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്തെ പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചിരുന്നു. ഇത് പോലീസിനും സര്‍ക്കാരിനും ഏറെ തലവേദനയുണ്ടാക്കുകയും ചെയ്തു.
ഇപ്പോള്‍ സമാനമായ സ്ഥിതിവിശേഷമാണ് മലപ്പുറം ചട്ടിപ്പറമ്പിലും ഉണ്ടായിരിക്കുന്നത്. ഇന്നു രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികള്‍ സംഘടിച്ച് പ്രകടനം നടത്തിയത്.
നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല. തുടര്‍ന്ന് ലാത്തിവീശിയാണ് ഇവരെ പിരിച്ചുവിട്ടത്. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇവരുടെ പ്രകടനത്തിനു പിന്നില്‍ മറ്റാരുടെയങ്കിലും പ്രേരണയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പായിപ്പാട്ട് ഇതരസംസ്ഥാനത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിനു പിന്നില്‍ തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ സ്വാധീനമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് മലപ്പുറത്തും ഇത്തരത്തിലൊരു അന്വേഷണം നടക്കുന്നത്.