ഗാന്ധിനഗർ: മാതാവിന്റെ അസാന്നിധ്യത്തിൽ നവജാത ശിശുവിനെ ചികിത്സയ്ക്കു വിധേയമാക്കിയശേഷം വീട്ടിലെത്താൽ ബുദ്ധിമുട്ടിയ പിതാവിനേയും ശിശുവിനേയും നവജീവൻ വീട്ടിലെത്തിച്ചു.
ഇടുക്കി ഉടുന്പൻചോല മുത്തുപ്പാണ്ടിയാണ് തന്റെ അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിൽ നിന്ന് മാതാവിന്റെ അടുത്ത് എത്തിക്കാൻ പ്രയാസപ്പെട്ടത്. മുത്തുപ്പാണ്ടിയുടെ ഭാര്യ നന്ദിനി കഴിഞ്ഞ 24 ന് ഉച്ചയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നൽകിയത്.
രാത്രിയായപ്പോൾ കുഞ്ഞിന് കടുത്ത ശ്വാസതടസം. തുടർന്ന് രാത്രി 10ന് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ നിർദ്ദേശിക്കുകയും മുത്തുപ്പാണ്ടി കുഞ്ഞുമായി പുലർച്ചെ കുട്ടികളുടെ ആശുപത്രിയിൽ എത്തുകയും ചെയ്തു.
കുഞ്ഞിനെ ചൊവാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തെങ്കിലും ഇടുക്കി, കോട്ടയം റെഡ് സോണ്‍ ആയതിനാൽ വാഹനം കിട്ടാതെയും മറ്റ് വാഹനം പിടിച്ച് പോകുന്നതിനുള്ള പണവുമില്ലാതെ മുത്തുപ്പാണ്ടി വിഷമിച്ചു.
ആശുപത്രി അധികൃതരിൽ നിന്ന് വിവരം അറിഞ്ഞ നവജീവൻ ട്രസ്റ്റി പി.യു. തോമസ് ഉടൻ തന്നെ കുട്ടികളുടെ ആശുപത്രിയിലെത്തുകയും മുത്തുപ്പാണ്ടിയ്ക്കും നവജാത ശിശുവിനും പോകുന്നതിനായി വാഹനം സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു.
ലോക് ടൗണ്‍ പ്രഖ്യാപനത്തിനുശേഷം ഇതുവരെ കാന്തല്ലൂർ, ദേവികുളം, മൂന്നാർ, കട്ടപ്പന, കുമളി, ഏറണാകുളം, ആലുവ, തിരുവല്ല, കോന്നി, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങൽ നിന്ന് മെഡിക്കൽ കോളജിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്ന 44 രോഗികളെ വീട്ടിൽ എത്തിക്കുകയും അവർക്ക് രണ്ടു മാസത്തേയ്ക്കുള്ള അരിയും പലവ്യജ്ഞനങ്ങളും ചിലർക്ക് പുതുവസ്ത്രങ്ങളും വാങ്ങി കൊടുത്താണ് വീടുകളിൽ എത്തിക്കുന്നതെന്ന് പി.യു. തോമസ് രാഷ്്ട്രദീപികയോടു പറഞ്ഞു