കണ്ണൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലയിലെ റോഡുകൾ അടച്ചിടുന്നതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അവ തുറക്കണമെന്ന ജില്ലാ കളക്ടറുടെ ആവശ്യത്തിന് ഫലം കാണുന്നു.
നഗരത്തിൽ അടച്ചിട്ട ചില റോഡുകൾ ഇന്നു രാവിലെ പോലീസ് തുറന്നു കൊടുത്തു. അഴീക്കൽ – അലവിൽ -കണ്ണൂർ റോഡിൽ മണൽ ഭാഗത്ത് ഇന്നലെ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു. ഇതു കാരണം അഴീക്കോട് പൂർണമായും ഒറ്റപ്പെട്ടു.
വ്യാപക പ്രതിഷേധത്തെ തുടർന്ന് ഇന്നു രാവിലെ ഈ റോഡും തുറന്ന് കൊടുത്തു. അടച്ചിട്ട റോഡുകളിൽ ഇന്നു മുതൽ 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏർപ്പെടുത്തി.
മാത്രമല്ല എല്ലാ റോഡുകളിലും ബൈക്കുകളിലും ജീപ്പുകളിലുമായി പോലീസ് പട്രോളിംഗ് ശക്തമാക്കി. പോലീസ് നിരീക്ഷണമുള്ള സ്ഥലങ്ങളിൽ ആളുകൾക്ക് അത്യാവശ്യ സാധനങ്ങളും മരുന്നുകളും പോലീസ് എത്തിച്ചു നൽകും.