ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ബാധിച്ച രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കുന്നതിന് 65,000 കോടി രൂപയോളം ആവശ്യമായി വരുമെന്ന് സാമ്പത്തിക വിദഗ്ദ്ധനും ആര്‍ബിഐ മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് രഘുറാം രാജന് ഇക്കാര്യം പറഞ്ഞത്.
ലോക്ഡൗണിനുശേഷം സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ എന്തൊക്കെ ചെയ്യാമെന്നായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച. ദീര്‍ഘകാലത്തേക്ക് ലോക്ക്ഡൗണ്‍ ചെയ്യുന്നത് സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെ ജീവന് രക്ഷിക്കുന്നതിന് നമുക്ക് 65,000 കോടി രൂപയുടെ ആവശ്യമുണ്ട്. പാവപ്പെട്ടവരെ സഹായിക്കാന്‍ എത്ര പണം ആവശ്യമാണെന്ന രാഹുലിന്റെ ചോദ്യത്തിന് രഘുറാം രാജന് മറുപടി നല്കി.
‘എന്നേന്നുക്കമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ അത് സമ്പദ് വ്യവസ്ഥയെ സുസ്ഥികരമാക്കില്ല.
ലോക്ക്ഡൗണ്‍ കാലാവധി നീട്ടുന്നതില്‍ നാം കൂടുതല്‍ ജാഗരൂകരായിരിക്കണം. ജനങ്ങളെ കൂടുതല്‍ കാലം പോറ്റാനുള്ള ശേഷി ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ നാം നിയന്ത്രിതമായി തുറക്കേണ്ടതുണ്ട്. പുതുതായി കേസുകള്‍ വന്നുക്കൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍ അടച്ചിടണം. മറ്റിടങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം.’ രഘുറാം രാജന് പറഞ്ഞു.
കോവിഡ് -19 ന് ശേഷമുള്ള ഇന്ത്യയ്ക്ക് തന്ത്രപരമായ നേട്ടമുണ്ടാകുമോ എന്ന രാഹുലിന്റെ ചോദ്യത്തിന് രഘുറാം രാജന് ഇങ്ങനെ മറുപടിനല്കി: ‘രാജ്യങ്ങള്‍ക്ക് ഈ സാഹചര്യം മുതലെടുക്കാന്‍ വഴികളുണ്ട്. പുനര്‍വിചിന്തനം നടത്താം. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വ്യവസായത്തിന് അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും.’ ഈ ഘട്ടത്തില്‍ സാമൂഹിക ഐക്യം ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി’.
ഒരു മണിക്കൂർ രാഹുൽ- രഘുറാം കൂടിക്കാഴ്ച നീണ്ടുനിന്നു. അഭിമുഖം സമൂഹമാധ്യമങ്ങളായ ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴി തൽസമയം സംപ്രേഷണം ചെയ്തിരുന്നു. കോവിഡ്19-ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടു കൊണ്ടാണ് രാഹുല്‍, രഘുറാം രാജനുമായി സംവദിച്ചത്.