കൊല്ലം: കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കോവിഡ് കേസുകൾ ഇല്ലാത്തത് ജില്ലയ്ക്ക് ആശ്വാസം പകരുന്നു.റെഡ് സ്പോട്ടിന്റെ വക്കിലെത്തിയ ജില്ല ഓറഞ്ച് സോണിലാണ് നിലവിൽ.ജില്ലയിൽ 15 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്നത്.
ഇവരിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്നു പേർ രോഗമുക്തരായി.ചാത്തന്നൂരിൽ സമ്പർക്ക പട്ടിക പൂർത്തീകരിക്കാൻ കഴിയാതെ ആശങ്കയുണ്ടാക്കിയ ആശാവർക്കർ ഉൾപ്പടെയുള്ളവരാണ് രോഗമുക്തി നേടിയത്.
മറ്റുള്ളവരുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരുടെയും സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്. സമൂഹ വ്യാപനമില്ലെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും.
ചാത്തന്നൂർ, കുളത്തുപ്പുഴ, ഓച്ചിറ മേഖലകളിൽ കർശനമായ നിയന്ത്രണം തുടരുകയാണ്. നാല് കോവിഡ് ബാധിതർക്ക് നേരിട്ട് സമ്പർക്കമുണ്ടായുന്ന ചാത്തന്നൂരിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചാത്തന്നൂർ, ചിറക്കര ,കല്ലുവാതുക്കൽ പഞ്ചായത്തുകളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർക്ക് ചുമതല നൽകിയിരിക്കുകയാണ്.
ആന്ധ്രപ്രദേശുകാരന് രോഗം സ്ഥിരീകരിച്ചതോടെ ഹോട്ട്സ്പോട്ടായ ഓച്ചിറയിലും നിയന്ത്രണം ശക്തമാണ്. കുളത്തൂപ്പുഴയിൽ ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന കർശന നിർദേശമുണ്ട്.ഇവിടെ പ്രദേശവാസികളായ നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.നിരവധി ആളുകളെ നിരീക്ഷണത്തിൽ വിടുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം.
അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നെത്തുന്നവരെ പിടികൂടാനുള്ള കർശന നടപടികളാണ് പോലീസും വനം വകുപ്പും സ്വീകരിച്ചിട്ടുള്ളത്. ഇന്നലെ തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്ന് ആര്യങ്കാവിലെത്തിയ യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കി.
തമിഴ്നാട്ടിൽ നിന്നും ചരക്കു ലോറിയിൽ എത്തുന്നവരെയും പിടികൂടാനുള്ള നടപടികളാണ് റൂറൽ പോലീസ് സ്വീകരിച്ചിട്ടുള്ളത്.