കോട്ടയം: കൊറോണയ്ക്കെതിരേയുള്ള കേരളത്തിന്റെ പ്രതിരോധത്തെ സഹായിക്കാനായി ചെസ് കേരള സംഘടിപ്പിക്കുന്ന രാജ്യാന്തര ടൂര്‍ണമെന്റായ ‘ചെക്മേറ്റ് കോവിഡ്-19’നു രാജ്യാന്തര ചെസ് സംഘടനയായ ഫിഡെയുടെ പിന്തുണയും.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ‘ചെക്മേറ്റ് കോവിഡ്-19’ൽ പങ്കാളികളാകാന്‍ ഫിഡേ കളിക്കാരോട് അഭ്യര്‍ഥിച്ചു. മത്സരത്തില്‍ പങ്കെടുക്കണമെന്നു നേരത്തെ ലോകചാമ്പ്യന് വിശ്വനാഥന് ആനന്ദും ഗ്രാൻഡ് മാസ്റ്റര്‍ ജൂഡിത് പോള്ഗാറും ഉള്‍പ്പെടെ താരങ്ങള്‍ ചെസ് സമൂഹത്തോട് അഭ്യര്‍ഥിച്ചിരുന്നു. കേരളത്തിലെ കൊറോണ പ്രതിരോധത്തെ സന്ദേശത്തിൽ താരങ്ങൾ പ്രകീർത്തിക്കുകയും ചെയ്തു.
ലോകത്തെ ഏറ്റവും വലിയ ചെസ് ന്യൂസ് വെബ്സൈറ്റായ ‘ചെസ്ബേസി’ന്റെ പ്ലേ ചെസ് പോര്‍ട്ടലില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണു ‘ചെക്മേറ്റ് കോവിഡ്-19’ മത്സരം. ചെസ് ഹൗസ് ബോട്ട് കേരള (ഓറിയന്റ് ചെസ് മൂവ്സ്) നല്കുന്ന 52,000 രൂപയാണു സമ്മാനത്തുക. മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം.
പ്രവേശന ഫീസിനുപകരം 250 രൂപയോ അല്ലെങ്കില്‍ അഞ്ച് യൂറോയ്ക്കു മുകളിലേക്കുള്ള തുകയോ സംഭാവനയായി നല്‍കണമെന്നാണു വ്യവസ്ഥ. ചെസ് പ്രേമികള്‍ക്കും സംഭാവന നല്‍കാം. ഈ തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുമെന്നു സംഘാടകര്‍ പറഞ്ഞു.
ഗ്രാൻഡ് മാസ്റ്റര്‍മാരും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരും അണിനിരക്കുന്ന മത്സരത്തില്‍ ലോക ചെസ് ഫെഡറേഷന് വൈസ് പ്രസിഡന്റ് നൈജല്‍ ഷോര്‍ട്ട്, അര്‍ജന്റൈൻ താരമായ ഗ്രാൻഡ് മാസ്റ്റര്‍ അലൈന്‍ പിച്ചോട്ട്, മലയാളി ഗ്രാൻഡ് മാസ്റ്റര്‍ എസ്.എല്‍. നാരായണന് തുടങ്ങിയർ പങ്കെടുക്കും.
കഴിഞ്ഞ പ്രളയ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെസ് കേരള 138500 രൂപ സംഭാവന നല്‍കിയിരുന്നു.