കൊച്ചി: മുഖ്യമന്ത്രിയുടെ അനുമതി വൈകുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കുടങ്ങി നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാര്‍ഥികള്‍. അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി പഠനം പൂര്‍ത്തിയാക്കിയ ഒമ്പതാം ക്ലാസുകാരായ പത്തൊന്‍പതോളം വിദ്യാര്‍ഥികളാണ് ഉത്തര്‍പ്രദേശ് ബല്യയിലെ നവോദയ സ്കൂളില്‍ കുടുങ്ങിയിരിക്കുന്നത്.
മറ്റു ജില്ലകളിലെ നവോദയ സ്കൂളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. സിലബസ് പ്രകാരം താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ നവോദയ സ്കൂളുകളില്‍ പഠനം നടത്താം.
അവിടെ നിന്നുള്ളവര്‍ക്ക് കേരളത്തിലെ നവോദയ സ്കൂളുകളിലും പഠിക്കാവുന്നതാണ്. ഇത്തരത്തില്‍ പഠനത്തിനായി പോയ വിദ്യാര്‍ഥികളാണ് തിരിച്ചുവരാനാവാതെ കുടുങ്ങിയിരിക്കുന്നത്.
വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്നതിന് സ്കൂള്‍ അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തു നിന്നുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉത്തരവ് വൈകുന്നതാണ് വിദ്യാര്‍ഥികളെ എത്തിക്കുന്നതിന് തിരിച്ചടിയാകുന്നത്.
ഉത്തര്‍പ്രദേശില്‍ ഭക്ഷണവും ഫോണ്‍ മുതലായ സൗകര്യങ്ങളും സ്കൂള്‍ അധികൃതര്‍ നല്‍കുന്നുണ്ടെങ്കിലും സമീപത്ത് ആശുപത്രി പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് രക്ഷിതാക്കളെ കൂടുതല്‍ ആശങ്കയിലാക്കുന്നു.
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ വിദ്യാര്‍ഥികളെ ഇവിടേക്കും, ഇവിടെയുള്ളവരെ അവിടേക്കും എത്തിക്കുന്നതിനുള്ള ബസ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ സ്കൂള്‍ അധികൃതര്‍ നടത്തിയിട്ടുണ്ട്. യാത്രയിലൂടനീളം കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം, മറ്റു സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരോ സ്ഥലങ്ങളിലെയും നവോദ സ്കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.
അനുമതി ലഭിച്ചാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നും ബസില്‍ വിദ്യാര്‍ഥികളെ വഡോദരയിലെ നവോദയ സ്കൂളില്‍ എത്തിക്കും. ഇവിടെ വച്ച് വിദ്യാര്‍ഥികളെ ബസുകളില്‍ മാറ്റി കയറ്റി അതാത് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചിട്ടും സര്‍ക്കാര്‍ നടപടികള്‍ വൈകുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതേരീതിയില്‍ കര്‍ണാടകയില്‍ നിന്നു പോയ വിദ്യാര്‍ഥികളെ ഇന്ന് രാവിലെയോടെ അവരുടെ നാടുകളില്‍ തിരിച്ചെത്തിച്ചു.
കേരളത്തില്‍ മാത്രമാണ് നടപടികള്‍ വൈകുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു.