എംജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ബിവ്റേജസ് ഔട്ട് ലെറ്റുകൾ തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്ത്.
ഇപ്പോൾ മദ്യവിൽപനശാലകൾ തുറന്നാൽ ഷോപ്പുകൾക്ക് മുന്പിൽ അനിയന്ത്രിതമായ തിരക്കണ്ടാകും. അതു വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് യോഗം വിലയിരുത്തി.
അതിനാൽ ഈ ലോക്ഡൗൺ കാലം അവസാനിക്കുന്ന മെയ് 17വരെ തത്കാലം ബവ്റേജസുകളും ബാറുകളും തുറക്കേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇതു സംബന്ധിച്ച തീരുമാനം എടുക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി ആരോഗ്യ, സെക്രട്ടറി ഉൾപ്പടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗം മദ്യവിൽപന കേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തി.
ജനങ്ങളുടെ സുരക്ഷയെ കരുതി മദ്യശാലകൾ തുറക്കേണ്ടെന്നും ഇതുവഴി ലഭിക്കാവുന്ന നികുതി വരുമാനം തത്കാലം വേണ്ടെന്ന് വയ്ക്കാമെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു. ഗ്രീൻ ഓറഞ്ച് സോണുകളിൽ മദ്യവിൽപന കേന്ദ്രങ്ങൾ തുറക്കാമെന്ന് കേന്ദ്രം മാർഗം നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കേന്ദ്ര തീരുമാനം തത്കാലം നടപ്പാക്കേണ്ടെന്ന ഉറച്ച നിലപാട് എടുക്കുകയായിരുന്നു.
ഇതു കൂടാതെ ഗ്രീൻ ഓറഞ്ച് സോണുകളിൽ ബാർബർഷോപ്പുകളും ബ്യൂട്ടിപാർലറുകളും തുറക്കാമെന്ന ഇളവ് കേന്ദ്രം നൽകിയെങ്കിലും ഇക്കാര്യത്തിൽ കേരളത്തിന്റെ തീരുമാനം വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകും.
മെയ് പതിനേഴ് വരെ ഒരു സോണിലും പൊതുഗതാഗതം വേണ്ടെന്നും ജില്ല തിരിച്ച് ഇളവുകൾ നൽകാമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. കേന്ദ്രം നിർദ്ദേശം അനുസരിച്ച് ജില്ലകളെ മൂന്നു മേഖലകളായി തിരിച്ചായിരിക്കും ഇളവുകൾ.