പത്തനംതിട്ട: അബുദാബിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം ഇടപ്പുരയിൽ വീട്ടിൽ പ്രകാശ് കൃഷ്ണനാണ് (56) മരിച്ചത്. അബുദബി മുസഫയിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
എൻപിസിസിയിൽ ഫാബ്രിക്കേഷൻ സൂപ്രണ്ടായിരുന്നു. 24 വർഷമായി ഗൾഫിൽ ജോലി നോക്കുകയാണ് പ്രകാശ്. എട്ടു ദിവസം മുന്പ് ന്യൂമോണിയാ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ആദ്യപരിശോധനാഫലം നെഗറ്റീവായിരുന്നു.
ആശുപത്രിയിൽ തുടരുന്നതിനിടെ മൂന്നു ദിവസം മുന്പ് വീണ്ടുമൊരു പരിശോധന കൂടി നടത്തിയപ്പോഴാണ് പോസിറ്റീവായി കണ്ടതെന്ന് പറയുന്നു.
മകളുടെ വിവാഹ നടത്തിപ്പിനായി ജനുവരി പത്തിന് നാട്ടിൽ എത്തിയ പ്രകാശ് കന്പനിയിൽ നിന്ന് തിരികെ വരാൻ അറിയിച്ചതിനാൽ മകളുടെ വിവാഹത്തി നു ശേഷം ഫെബ്രുവരി 29 ന് തിരികെ മടങ്ങുകയായിരുന്നു. മൃതദേഹം നാളെ വൈകുന്നേരം അബുദാബിയിൽ സംസ്കരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇടപ്പുരയിൽ പരേതനായ കൃഷ്ണൻ വൈദ്യന്റെ മകനാണ്. മാതാവ്: ആന്ദവല്ലി. ഭാര്യ: അന്പിളി. മക്കൾ: ആകാശ് (റീഫോം ബിൽഡേഴ്സ്, പിറ്റിഎ), അശ്വതി (കല്ലേലി). മരുമകൻ: അനുരാജ് (പൂനെ).