തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനെ ബാർബർ ഷോപ്പുകൾ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്ത്.
കേന്ദ്ര മാർഗനിർദേശ പ്രകാരം ബാർബർഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് തൽക്കാലം ബാർബർ ഷോപ്പുകൾക്ക് അനുമതി നൽകേണ്ടെന്നാണ് തീരുമാനം.
ഗ്രീൻ സോണിൽ പൊതുഗതാഗതം ആകാമെന്ന് കേന്ദ്രനിർദേശമുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സോണിലും ബസ് സർവീസ് വേണ്ടെന്നാണ് തീരുമാനം.
ബസുകളിൽ പകുതി യാത്രക്കാരുമായി മാത്രമേ സർവീസ് അനുവദിക്കൂ. ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിനാൽ സ്വകാര്യബസ് ഉടമകൾ എതിർക്കുമെന്നതിനാലും കെഎസ്ആർടിസിക്ക് കൂടുതൽ നഷ്ടം ഉണ്ടാക്കുമെന്നതിനാലുമാണ് തീരുമാനം.
മദ്യ വിൽപ്പനശാലകളും തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന് കണ്ടാണ് മദ്യ വിൽപ്പനശാലകൾ തുറക്കെണ്ടെന്ന് തീരുമാനിച്ചത്.
കേന്ദ്രമാർഗനിർദേശ പ്രകാരം മദ്യശാലകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിനുള്ളിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം നടന്നിരുന്നു. ബെവ്കോ മദ്യവിൽപനശാലകളിൽ അണുനശീകരണം ആരംഭിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് വയാനാടിനും എറണാകുളത്തിനും പിന്നാലെ ആലപ്പുഴയും തൃശൂരും ഗ്രീൻ സോണിലായേക്കും. രണ്ട് ജില്ലകളിലും കഴിഞ്ഞ 21 ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ കോവിഡ് രോഗികൾ ചികിത്സയിലുമില്ല.
കേന്ദ്രമാർഗനിർദേശപ്രകാരം ഈ ജില്ലകൾ ഗ്രീൻ സോൺ ആവേണ്ടതാണ്. എന്നാൽ കേന്ദ്രം ഇതുവരെ ഇവയെ ഗ്രീൻ സോണിൽ പെടുത്തിയിട്ടില്ല. കേന്ദ്രവുമായി കൂടിയാലോചിച്ച് ഈ രണ്ട് ജില്ലകളേയും ഗ്രീൻ സോണാക്കി പ്രഖ്യാപിച്ചേക്കും.