തൊടുപുഴ: തിരികെ നാട്ടിലേക്ക് പോകാൻ അവസരം തെളിഞ്ഞതോടെ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നഗരത്തിലിറങ്ങിയത് ലോക്ക് ഡൗണിൽ പോലീസിന് തല വേദന സൃഷ്ടിച്ചു.
ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരികെ പോകാൻ ട്രെയിൻ സൗകര്യം ഒരുക്കി തുടങ്ങിയതോടെയാണ് ഇന്നലെ തൊടുപുഴ മേഖലയിലെ ക്യാന്പുകളിൽ നിന്നും തൊഴിലാളികൾ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടി പുറത്തിറങ്ങിയത്. ഇതോടെ നഗരത്തിൽ തിരക്കേറി.
പോലീസ് സ്റ്റേഷനു സമീപവും മുനിസിപ്പൽ ഓഫീസിനു മുന്നിലുമാണ് തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത്. നാട്ടിലേക്ക് പോകാനുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നൽകാൻ എത്തിയതായിരുന്നു തൊഴിലാളികൾ.
ഇതോടെ പോലീസ് എത്തി തൊഴിലാളികളെ തിരികെ പറഞ്ഞു തിരിച്ചയ്ക്കാൻ ശ്രമിച്ചു. രജിസ്ട്രേഷൻ ഫോം കൈയിലുണ്ടായിരുന്നവരിൽ നിന്നും പോലീസ് ഇതു ശേഖരിച്ചു. മറ്റുള്ളവരെയാണ് പോലീസ് പറഞ്ഞു വിട്ടത്. പോകാൻ വിസമ്മതിച്ചവരെ പോലീസ് വിരട്ടിയോടിച്ചു.
നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ അവർ കഴിയുന്ന ക്യാന്പുകളിൽ എത്തി ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു.
തൊഴിലാളികളെ എത്തിച്ചിരിക്കുന്ന കോണ്‍ട്രാക്ടർമാരോടും ഇവരുടെ തിരിച്ചു പോക്കിനുള്ള രജിസ്ട്രേഷൻ നടപടികൾ ചെയ്യണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.
തൊടുപുഴ മേഖലയിൽ നിന്നും ഇതുവരെ സ്വദേശത്തേക്കു തിരികെ പോകുന്നതിനായി 400 ഓളം അതിഥി തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തൊടുപുഴ സിഐ സുധീർ മനോഹർ പറഞ്ഞു. ബാക്കിയുള്ളവരുടെ രജിസ്ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്കായുള്ള മടക്കയാത്ര ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കും.