നെയ്യാറ്റിന്‍കര: റോഷന്‍കുമാര്‍ ഇന്നലെ പിതാവിന്റെ ജന്മനാട്ടിലേയ്ക്ക് യാത്രതിരിച്ചു. രണ്ടു വയസുകാരനായ റോഷന് പക്ഷെ, എന്തുകൊണ്ടാണ് ഈ യാത്രയെന്നോ ഇങ്ങോട്ടിനി തിരിച്ചുവരുമെന്നോ ഒന്നും അറിയില്ല.
എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് അവനും ഇവിടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്കും യാതൊരു വിധ പരാതിക്കും ഇട വരുത്താതെ നെയ്യാറിന് തീരത്തെ ഭരണസംവിധാനങ്ങള്‍ പരിരക്ഷിച്ചുവെന്നതില് സംശയമില്ല.
മനസ് നിറഞ്ഞ നന്ദിയും കടപ്പാടുമായാണ് നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്‍പത് ജാര്‍ഖണ്ഡ് നിവാസികള്‍ ഇന്നലെ നാട്ടിലേയ്ക്ക് മടങ്ങിയത്.
തൊഴില്‍ തേടി എത്തിയവരാണ് അക്കൂട്ടത്തില്‍ നല്ലൊരു ശതമാനവും. കുടുംബത്തോടെ ഇവിടെ തന്പടിച്ചവരുമുണ്ട്. അധികം വൈകാതെ ഈ നാട് അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി.
നെയ്യാറ്റിൻകരയിൽ നിന്നും സ്വദേശത്തേക്ക് യാത്ര തിരിച്ച ജാര്‍ഖണ്ഡുകാര്‍ക്ക് ഇന്നലെ രാവിലെയും ഉച്ചയ്ക്കും ആഹാരമൊരുക്കി നെയ്യാറ്റിന്‍കര നഗരസഭ അവരെ സന്തോഷപൂര്‍വം യാത്രയാക്കി.
കെ. ആന്‍സലന്‍ എംഎല്‍എ ഇവരുടെ യാത്രയുടെതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തി. നെയ്യാറ്റിൻകര നിന്നും ബസ് മാർഗമാണ് അവരെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.