ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡ്-19 വൈറസിനെക്കുറിച്ചുള്ളവിവരങ്ങൾ ചൈന മറച്ചുവച്ചെന്ന ആരോപണങ്ങൾ ശരിവച്ച് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ.
കഴിഞ്ഞ നവംബർ മധ്യത്തിൽ ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത നോവൽ കൊറോണ വൈറസ് ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളിൽ പടരാതിരിക്കാൻ വേണ്ടത്ര മുന്നറിയിപ്പുകൾ നൽകാതിരുന്നതു സംശയജനകമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയതിനു പിന്നാലെയാണു ചാരന്മാരുടെ കണ്ടെത്തൽ.
കോവിഡ്-19നെക്കുറിച്ച് തുടക്കം മുതൽ ചൈന സുതാര്യമായി കൈകാര്യം ചെയ്യുകയും ലോകരാജ്യങ്ങൾക്ക് മതിയായ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നെങ്കിൽ 2.39 ലക്ഷം പേരുടെ മരണവും 3.35 ലക്ഷത്തിലേറെ പേർ രോഗിയാവുകയും സന്പദ്ഘടനകളെ തകർക്കുകയും ചെയ്ത സ്ഥിതിവിശേഷം ഒഴിവാക്കാനാകുമായിരുന്നു എന്നാണ് അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ വിലയിരുത്തൽ.
വൈറസിനെപ്പറ്റി ലോകത്തിൽ നിന്നു പലതും ചൈന മറയ്ക്കുന്നുണ്ടെന്ന് അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കുറ്റപ്പെടുത്തുന്നു.
വൈറസിന്റെ ജിനോം സീക്വൻസ് ഒരു ഘട്ടത്തിലും ചൈന പുറത്തുവിട്ടില്ല. ഷാംങ്ഹായിലുള്ള ഒരു ലാബിലെ പ്രഫസറാണ് നിർണായകമായ ഇതു പുറത്തുവിട്ടത്.
പിറ്റേന്നു തന്നെ ആ ലാബ് ചൈന അടപ്പിച്ചുവെന്ന് അമേരിക്കൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലീഗ് മെക്കാനി ചൂണ്ടിക്കാട്ടി. ചൈനയ്ക്കെതിരേ ഇറക്കുമതി ചുങ്കം വർധിപ്പിക്കുന്നത് അടക്കമുള്ള സമ്മർദം കൂട്ടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് അമേരിക്കയുടെ പുതിയ വിമർശനം.
എന്നാൽ, മാരകനാശം വിതച്ച ഇപ്പോഴത്തെ കൊറോണ വൈറസ് ലാബോറട്ടറിയിൽ വികസിപ്പിച്ചതാണെന്ന ആരോപണത്തിന് പക്ഷേ ഇനിയും സ്ഥിരീകരണമില്ല.
കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു പറയുന്ന വുഹാനിലെ വൈറ്റ് മാർക്കറ്റിനു സമീപമുള്ള വൈറോളജി ലാബിലാണ് ആദ്യം വൈറസ് ബാധ ഉണ്ടായതെന്നാണു ചാരന്മാരുടെ വിലിയിരുത്തൽ. പരീക്ഷണത്തിനായി ഈ ലാബിൽ ഉപയോഗിച്ച കൊറോണ വൈറസിന് നിലവിലെ കോവിഡ്-19 വൈറസുമായി ഏതാണ്ടു പൂർണ (96%) സാമ്യം ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
ഇതിനിടെ, ലോകാരോഗ്യ സംഘടനയിൽ ചൈനയ്ക്കെതിരേ കർക്കശ നിലപാട് സ്വീകരിക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ മേൽ അമേരിക്കയുടെ നേതൃത്വത്തിൽ സമ്മർദം ശക്തമാവുകയാണ്.
ജനീവ ആസ്ഥാനമായ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്സിക്യൂട്ടീവിൽ ഈ മാസാവസാനം ഇന്ത്യ ചുമതലയേൽക്കും. 34 അംഗ നിർവാഹക സമിതിയിലേക്ക് 22ന് വീഡിയോ കോണ്ഫറൻസിലൂടെ ചേരുന്ന ലോകാരോഗ്യ സംഘടനയുടെ 147-ാമത് സമ്മേളനം ഇന്ത്യയെ നാമനിർദേശം ചെയ്യും.
കോവിഡിന്റെ ഉത്ഭവവും പകർച്ചയും സംബന്ധിച്ച സംഭവവികാസങ്ങളിൽ ചൈനയുടെ കരങ്ങൾ ശുദ്ധമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യം. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, യുകെ, ജർമനി അടക്കമുള്ള രാജ്യങ്ങളുടെ ഈ ആവശ്യത്തിന് ഇന്ത്യയും പിന്തുണ നൽകാനാണു സമ്മർദം.
ചൈനയ്ക്കു സ്വാധീനമുള്ള ലോകാരോഗ്യ സംഘടനയിൽ സമൂല പരിഷ്കരണം ആവശ്യമാണെന്ന വാദത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്തുണയ്ക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബർ പകുതിയോടെ കൊറോണ വൈറസ് വ്യാപനം സംഭവിച്ച കാര്യം ചൈന മറച്ചുവച്ചുവെന്നാണ് പ്രധാന ആരോപണം. ഡിസംബർ 31 മുതൽ വൈറസിനെപ്പറ്റി സെർച്ചു ചെയ്യുന്നതിന് ചൈന സെൻസർഷിപ്പ് ഏർപ്പെടുത്തിയതു സംശയകരമാണ്.
വുഹാൻ സീ ഫുഡ് മാർക്കറ്റ്, വുഹാൻ അണ്നോണ്, സാർസ് വേരിയേഷൻ തുടങ്ങിയ സെർച്ച് വാക്കുകൾ ഡിലീറ്റു ചെയ്യുകയും ചെയ്തു. വവ്വാലിൽ കാണപ്പെടുന്ന വൈറസിനെപ്പറ്റിയുള്ള പഠനമായിരുന്നു അതുവരെ വൈറോളജി ലാബിൽ ചെയ്തിരുന്നത്.
വൈറസ് ബാധയുണ്ടായശേഷം വുഹാനിൽനിന്ന് ആയിരക്കണക്കിനാളുകൾ അമേരിക്ക, ഇറ്റലി, ഇന്ത്യ, ഓസ്ട്രേലിയ, ഇറാൻ അടക്കം മിക്ക രാജ്യങ്ങളിലേക്കും യാത്ര ചെയ്തതാണു രോഗം ഇത്ര വ്യാപകമാകാൻ ഇടയാക്കിയത്. ചൈനയിൽ യാത്രാനിരോധനം ഏർപ്പെടുത്തിയ വിവരം ലോകത്തെ അറിയിക്കാനും വൈകി.
ചൈനയിൽ തന്നെ സംശയം ഉയർത്തിയ ഗവേഷകരെയും ഡോക്ടർമാരെയുമെല്ലാം നിശബ്ദരാക്കി. വൈറോളജി ലാബിലെ ഗവേഷകയും നോവൽ കൊറോണ വൈറസിന്റെ ആദ്യ ഇരയുമായിരുന്നു ഹ്വാംഗ് യാൻ ലിംഗിന്റെ തിരോധാനവും സംശയം കൂട്ടുന്നതാണ്.
വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ ലി സെഹ്വ, അഭിഭാഷകൻ ചെൻ ക്വിഷി, ഫാംഗ് ബിംഗ് തുടങ്ങിവരെ ചൈന രഹസ്യ തടങ്കലിൽ ആക്കിയിരിക്കുകയാണെന്നും പാശ്ചാത്യ രഹസ്യാന്വേഷകർ പറയുന്നു.