തിരുവനന്തപുരം: മേയ് 17 വരെ സംസ്ഥാനത്ത് ഒരിടത്തും പൊതുഗതാഗതം അനുവദിക്കില്ലെന്നും മദ്യശാലകളും ബാർബർഷോപ്പുകളും ഉടൻ തുറക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രീൻ സോണിലെ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ പ്രവർത്തിപ്പിക്കാം.
എന്നാൽ, കടകളും ഓഫീസുകളും ഞായറാഴ്ച തുറക്കാൻ അനുവദിക്കില്ല. വാഹന ഗതാഗതവും ഞായറാഴ്ച നിയന്ത്രിക്കും. ഞായറാഴ്ച പൂ൪ണ ലോക്ക് ഡൗൺ.
രാത്രി 7.30 നും രാവിലെ ഏഴിനുമിടയിൽ യാത്രാ നിരോധനമുണ്ടാകും. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും. റെഡ് സോണിലെ കണ്ടയിൻമെന്റ് സോണിൽ കർശന നിയന്ത്രണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല.
മറ്റ് അനുമതികൾ
സ്വകാര്യ വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ടു യാത്രക്കാർ മാത്രം. ടാക്സി കാറുകളിലും ഡ്രൈവറെ കൂടാതെ പിൻസീറ്റിൽ രണ്ടു യാത്രക്കാർ മാത്രം. പൊതുഗതാഗതത്തിൽ ടാക്സി കാറുകൾക്കുമാത്രമാണ് ഇളവ്.
ഇരുചക്രവാഹനത്തിൽ ഒരാൾ മാത്രം. ഓഫീസിൽ വനിതകളെ കൊണ്ടുപോകുന്നതിന് ഇളവുണ്ട്. കണ്ടയ്ൻമെന്റ് സോണിൽ ഇതും പാടില്ല.
പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് ജില്ലാന്തര യാത്ര അനുവദിക്കും. ഇതിനു പ്രത്യേക അനുമതി തേടണം.
കൃഷി, വ്യവസായം: നിലവിലെ ഇളവുകൾ തുടരും.
സുരക്ഷാ മാനദണ്ഡം അനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ പ്രഭാത സവാരി അനുവദിക്കും.
പോസ്റ്റ് ഓഫീസ് തുറക്കും. ദേശീയ സമ്പാദ്യ ഏജന്റുമാർക്ക് ആഴ്ചയിൽ ഒരിക്കൽ പണമടയ്ക്കാം.
മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ രണ്ടു ദിവസം തുറക്കാം.
ഹോട്ട്സ്പോട്ടുകളിൽ ഒഴികെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാഴ്സൽ അനുവദിക്കും. ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല.
വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20ൽ കൂടുതൽ പേർ പാടില്ല.
അവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ ഓഫീസുകൾ എ, ബി വിഭാഗത്തിലെ 50 ശതമാനം ജീവനക്കാരെയും സി, ഡി കാറ്റഗറിയിലെ 33 ശതമാനം ജീവനക്കാരെയും കൊണ്ടു പ്രവ൪ത്തിപ്പിക്കാം.
ബാർബർമാർക്കു വീടുകളിൽ പോയി മുടി വെട്ടാം.
ഒരു നില മാത്രമുള്ള ടെക്സ്റ്റൈൽ ഷോറുമുകൾ പരമാവധി അഞ്ചു ജീവനക്കാരെ വച്ചു തുറക്കാം. ഒന്നിലേറെ നിലയുള്ള ടെക്സ്റ്റൈൽ ഷോറുമുകൾ തുറക്കാൻ അനുമതിയില്ല.
അനുമതിയില്ല
രാത്രി 7.30നും രാവിലെ ഏഴിനുമിടയിലുള്ള സഞ്ചാരം.
ഓട്ടോറിക്ഷകൾ.
ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാകൾ, മാളുകൾ.
സിനിമാശാലകൾ, ആരാധനാലയങ്ങൾ അടക്കം ആളുകൾ ഒത്തുകൂടുന്ന സാമൂഹിക- രാഷ്ട്രീയ-മത പരിപാടികൾ.
പാർക്കുകൾ, ജിംനേഷ്യം, മറ്റു കൂടിച്ചേരലുകൾ.
ഞായറാഴ്ച കടകൾ അടക്കമുള്ളവ, വാഹനങ്ങൾ.
ഞായർ വീട്ടിൽ
ഞായറാഴ്ച ഒരു കടകളും തുറക്കരുത്. വാഹനം പുറത്തിറക്കാൻ പാടില്ല. പൂ൪ണ ലോക്ക് ഡൗൺ.
ഇന്നും നാളെയും റേഷൻ കട അവധി
സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്നും നാളെയും അവധിയായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
മാസ്ക് വച്ചില്ല; 2,189 കേസുകൾ
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്തൊട്ടാകെ ഇന്നലെ 3,460 പേർക്കെതിരേ കേസെടുത്തു. അറസ്റ്റിലായത് 3,386 പേർ. 2,132 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 2,189 കേസുകളെടുത്തു.