നെയ്യാറ്റിന്‍കര: കൊറോണയെ ഓടിച്ചുവിടണമെന്നാണ് വൈഷ്ണവിക്കുട്ടിയുടെ അഭിപ്രായം. കേരളത്തില്‍ നിന്നു മാത്രമല്ല, ഈ ഭൂമിയില്‍ നിന്നുതന്നെ ഓടിക്കണം. നഴ്സറിയില്‍ പോകാനോ ടീച്ചറെ കാണാനോ കൂട്ടുകാരുമായി കളിക്കാനോ ഒന്നും ഇപ്പോള്‍ പറ്റുന്നില്ല. കൊറോണയാണ് എല്ലാത്തിനും കാരണം.
കൊറോണ പോയാലേ ഇനി ഇതൊക്കെ പറ്റൂ എന്ന് അപ്പൂപ്പന് പറയാറുണ്ട്. എന്നാല്‍ വീട്ടില്‍ ഒരുപാട് നേരം ടി.വി യില്‍ കാര്‍ട്ടൂണ്‍ കാണാനും അപ്പൂപ്പന് സമ്മതിക്കുന്നില്ല. കാര്‍ട്ടൂണ്‍ കാണാനിരിക്കുന്പോള് അപ്പൂപ്പന് ടി വി യില്‍ വാര്‍ത്ത വയ്ക്കും. അതിനും കാരണം ഈ കൊറോണ തന്നെ.
പക്ഷെ, മൂന്നുവയസ്സുകാരിയായ ഈ നഴ്സറി കുട്ടി കഴിഞ്ഞ ദിവസം അപ്പൂപ്പനെയും ഞെട്ടിച്ചു. തന്റെ കുടുക്ക അപ്പൂപ്പന്റെ പക്കല്‍ നല്‍കിയിട്ട് വൈഷ്ണവി പറഞ്ഞു- അപ്പൂപ്പാ, ഇത് നമുക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഓരോരുത്തര് സംഭാവന ചെയ്യുന്നതും മറ്റുമായ വാര്‍ത്തകളും വീട്ടിലെ മുതിര്‍ന്നവരുടെ ഇതു സംബന്ധിച്ച സംസാരവുമൊക്കെ ഈ കുരുന്ന് ശ്രദ്ധിക്കാറുണ്ടായിരുന്നു. സന്തോഷത്താല്‍ അപ്പൂപ്പന് രാജന് മാത്തൂരിന്റെ കണ്ണുകള്‍ നിറഞ്ഞു.
വിവരം അറിഞ്ഞ് കെ. ആന്‍സലന്‍ എംഎല്‍എ വൈഷ്ണവിക്കുട്ടിയെ നേരില്‍ കാണാനും ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ആ അഭിമാനകരമായ സംഭാവന സ്വീകരിക്കാനുമായി കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂളിന് സമീപത്തെ ശ്രീലക്ഷ്മിയെന്ന വീട്ടിലെത്തി.
കുടുക്ക പൊട്ടിച്ച നാണയത്തുട്ടുകളും കറന്‍സി നോട്ടുകളുമൊക്കെയായി വീട്ടുകാരോടൊപ്പം വൈഷ്ണവി കാത്തിരിക്കുന്നുണ്ടായിരുന്നു.