പത്തനംതിട്ട: ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ മടങ്ങാന്‍ തയാറെടുത്തതോടെ നിര്‍മാണ മേഖലയില്‍ പ്രതിസന്ധി. ലോക്ക്ഡൗണ്‍ കാലത്ത് സ്തംഭനത്തിലായിരുന്ന നിര്‍മാണ മേഖല കഴിഞ്ഞയാഴ്ചയാണ് പുനരാരംഭിച്ചത്.
നിര്‍മാണ സാമഗ്രികള്‍ എത്തിച്ച് തൊഴില്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഇതര സംസ്ഥാനക്കാരെ മടക്കാനുള്ള തീരുമാനമെത്തിയത്. ഇത്രയും കാലം തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്ന കരാറുകാരാണ് ഇതോടെ പ്രതിസന്ധിയിലായത്.
അതിഥി തൊഴിലാളികളെ മടക്കാന്‍ പോലീസ് ഉള്‍പ്പെടെ ക്യാമ്പുകളിലെത്തിയതായി ആക്ഷേപം ഉയര്‍ന്നു. ട്രെയിനുകളിലേക്ക് ആളെ കൂട്ടാന്‍ വേണ്ടി പോലീസ് പലയിടങ്ങളിലും തൊഴിലാളികള്‍ക്കുമേല്‍ സമ്മര്‍ദം കാട്ടിയെന്നാണ് പരാതി.
പത്തനംതിട്ടയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കുമെന്ന് ഐജി എസ്. ശ്രീജിത്ത് ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയില്‍ നിന്നു വിശദീകരണം തേടിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കായി ബീഹാറിലേക്ക് പത്തിന് ഒരു ട്രെയിന്‍ ക്രമീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളിലേക്ക് വേണമെങ്കില്‍ കയറ്റിവിടാമെന്ന വാഗ്ദാനമാണ് തൊഴിലാളികള്ക്കുണ്ടായത്.
മടങ്ങാന്‍ ആഗ്രഹിക്കാത്തവരെ പോലും നിര്‍ബന്ധിക്കുന്നതായ പരാതി ഉയര്‍ന്നപ്പോഴാണ് ഇതു വിലക്കിക്കൊണ്ട് ചീഫ് സെക്രട്ടറി ഇന്നലെ ഉത്തരവു നല്‍കിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലടക്കം നടന്നുകൊണ്ടിരിക്കുന്ന പല നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഇതര സംസ്ഥാനക്കാരാണ് പണിയെടുക്കുന്നത്.
കെഎസ്ടിപിയുടേതടക്കം റോഡ് നിര്‍മാണം, പാലം നിര്‍മാണം ഇവ പുനരാരംഭിച്ചിട്ടുണ്ട്. ഇത്തരം ജോലികള്‍ക്കെല്ലാം അതിഥി തൊഴിലാളികളുടെ സേവനം ഉപയോഗിച്ചുവരുന്നതിനിടെയാണ് ഇവരുടെ മടക്കം.