സ്വന്തംലേഖകൻ
തൃശൂർ: തൊഴിലിനായി മറ്റൊരു വഴിയുമില്ലാതെ ജീവിതം വഴി മുട്ടി നിന്നകാലത്ത് രക്ഷിച്ചത് ഓട്ടോറിക്ഷകളാണ്. എന്നാൽ ഇപ്പോൾ കോവിഡ് എല്ലാ വഴികളും അടച്ചതോടെ തൃശൂർ നഗരത്തിൽ മാത്രം ഓടിയിരുന്ന അയ്യായിരത്തോളം ഓട്ടോറിക്ഷകളും അവരുടെ കുടുംബങ്ങളും നെട്ടോട്ടത്തിലാണ്.
മറ്റൊന്നിനുമല്ല, എങ്ങനെയെങ്കിലും ജീവൻ നിർത്താതെ ഓടിക്കാൻ വേണ്ട “ഇന്ധനം’ തേടി. ഭക്ഷണത്തിനുപോലും പണമില്ലാതെ ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികളാണ് നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകളെ നോക്കി നെടുവീർപ്പെടുന്നത്.
ദിവസേന ഓടിക്കിട്ടുന്ന പണം കൊണ്ടാണ് ഓട്ടോ തൊഴിലാളികൾ കുടുംബം പുലർത്തിയിരുന്നത്. ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിയവർ നിരവധിയാണ്.
ലോണടയ്ക്കാനുള്ള പണമില്ലെന്നതല്ല ഇപ്പോൾ ഇവരെ നിരാശപ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ ഓരോ തവണയും നീട്ടുന്നതോടെ ജീവിക്കാനുള്ള “ഇന്ധനവും’ ഇല്ലാതാകുന്നുവെന്നതാണ് നിരാശപ്പെടുത്തുന്നത്.
സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവർക്ക് ചെലവു കഴിച്ച് ആയിരം രൂപ മിച്ചം കിട്ടുന്നവരുണ്ട്. വാടകയ്ക്ക് ഓട്ടോറിക്ഷയെടുത്ത് ഓടിക്കുന്നവർക്ക് ഇതിലും കുറവ് തുക മാത്രമേ വീട്ടിലേക്ക് കൊണ്ടുപോകാൻ ലഭിക്കൂ.
രാത്രിയും പകലും ഓട്ടോറിക്ഷ ഓടിച്ചാലും ഇത്തരക്കാർക്ക് പലപ്പോഴും ആയിരം രൂപ മിച്ചം പിടിക്കാൻ കിട്ടാറില്ല. കിട്ടുന്ന തുക അന്നന്നത്തെ അന്നത്തിനും വീട്ടു ചെലവിനുമായാണ് ഉപയോഗിക്കുന്നത്. അതിനാൽ ഓട്ടോറിക്ഷ ഓടിച്ച് സന്പാദിക്കാൻ കഴിയാറില്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.
എന്നും ഓടിച്ചാൽ പട്ടിണിയും മറ്റു പ്രശ്നങ്ങളുമില്ലാതെ ഒരു കുടുംബം സുഖമായി ജീവിക്കാം. എന്നാൽ ഇത്തരത്തിൽ ഒരു മാസത്തിലധികം ജോലി ഇല്ലാതായതോടെ എല്ലാ പ്രതീക്ഷകളും നിലച്ച മട്ടാണ്. പട്ടിണി കിടക്കാതെ ജീവിക്കാൻ സർക്കാർ റേഷനരിയും കിറ്റുമൊക്കെ തന്നതിനാൽ ഇതുവരെ പിടിച്ചു നിന്നു.
എന്നാൽ മരുന്നും മറ്റും വാങ്ങിക്കാൻ കടം വാങ്ങിച്ചാണ് കാര്യങ്ങൾ നടത്തിയിരിക്കുന്നത്. ഇവ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിച്ച് തിരിച്ചു കൊടുക്കാൻ എന്നു കഴിയുമോയെന്നാണ് സങ്കടപ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതോടെ ചങ്കിടിപ്പും കൂടിവരികയാണ്.
ജില്ലയിൽ ഇത്തരത്തിൽ പതിനായിരക്കണക്കിന് ഓട്ടോ തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്. ഓരോ ഓട്ടോ തൊഴിലാളിയും ഓരോ കുടുംബങ്ങളെയാണ് പോറ്റുന്നതെന്ന സത്യം പലപ്പോഴും സർക്കാരും തിരിച്ചറിയില്ലെന്നതാണ് ഇവരുടെ പരാതി.
എല്ലാവർക്കും സഹായങ്ങളും മറ്റു പദ്ധതികളും പ്രഖ്യാപിക്കുന്പോൾ ഒരു പരിഗണനയും ഇല്ലാതെ ഏറ്റവും താഴേക്കിടയിലേക്ക് തള്ളിവിടുന്ന നിലപാടിൽ പരക്കേ പ്രതിഷേധമുയരുന്നുണ്ട്.