സ്വന്തം ലേഖകൻ
തൃശൂർ: സാധാരണ തൃശൂർ പൂരത്തിന് ഓടിനടന്ന് കുടപ്പണിയും അലങ്കാരപ്പണികളും നടത്തുന്ന അയ്യന്തോൾ സ്വദേശി ദിനു എന്ന് വിളിക്കുന്ന വടക്കൂട്ട് വീട്ടിൽ ദിനേഷ് രാമൻ ഇക്കുറി പൂരമില്ലാത്തതിനാൽ സങ്കടം തീർത്തതു മാസ്ക് കെട്ടിയ ആനകളുടെ പൂരച്ചിത്രം വരച്ച്.
നടുവേദന കാരണം ഡോക്ടറുടെ നിർദേശപ്രകാരം അയ്യന്തോളിൽ തൃശൂർ ലോ കോളജിന് അടുത്തുള്ള വീട്ടിൽ വിശ്രമത്തിലാണെങ്കിലും പൂരം അടുത്തതോടെ എന്തെങ്കിലും ചെയ്യാതിരിക്കാൻ ദിനുവിനായില്ല. അങ്ങനെയാണ് കോവിഡിനേയും പൂരത്തേയും ഒരുമിപ്പിക്കാൻ ദിനു തീരുമാനിച്ചത്.
കോവിഡിനെ പിടിച്ചുകെട്ടിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ തിടന്പേറ്റിയ ആനയും മാസ്ക് കെട്ടിയ മറ്റ് ആറ് ആനകളും വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രമാണ് ദിനു വരച്ചത്.
ഡീറ്റെയിലിംഗിലേക്കു പോകാതെ ആശയം ആവിഷ്കരിക്കാനാണ് പ്രധാന്യം നൽകിയതെന്നു ചിത്രകാരനായ ദിനു പറഞ്ഞു.