പാറശാല: ലോക്ക് ഡൗൺ മൂലം ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തിത്തുടങ്ങി. ഇതിനായി അതിർത്തികളിൽ ഹെൽപ് ഡെസ്കുകൾ തയാറാക്കിയിട്ടുണ്ട്.
എന്നാൽ ഇന്നുരാവിലെ തമിഴ്നാട്ടിൽ നിന്നും കളിയിക്കവിള അതിർത്തി കടന്നെത്തിയ മലയാളികൾക്ക് ഇതേവരെ നാട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല.
ഇന്നു രാവിലെ എട്ടോടെ തൃശൂർ സ്വദേശികളായ ഹനീഫ, നാസർ എന്നിവരാണ് ആദ്യം അതിർത്തി ചെക്ക് പോസ്റ്റിലെത്തിയത്. കേരള അതിർത്തിവരെ തമിഴ്നാട് ടാക്സിയിൽ വന്ന രണ്ടുപേരും വാഹനം തമിഴ്നാട് പോലീസ് കടത്തിവിടാത്തതിനാൽ അര കിലോമീറ്ററോളം കാൽനടയായി കേരള അതിർത്തിയിൽ എത്തുകയായിരുന്നു.
നാഗർകോവിലിൽനിന്നുള്ളവരാണ് രണ്ടുപേരും. കന്യാകുമാരി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി ഇതുവരെ അഞ്ചു പേർ എത്തിച്ചേർന്നു.
കളക്ടറുടെ പാസുമായാണ് യാത്രക്കാർ എത്തിയതെങ്കിലും റവന്യൂ വകുപ്പ് അധികൃതർ ആരും തന്നെ ഇതുവരെ എത്തിച്ചേർന്നില്ല. മാത്രമല്ല, തൃശൂർ വരെ പോകേണ്ട വാഹനത്തിന്റെ കാര്യത്തിലും തീരുമാനമാകാത്തതിനാൽ വന്ന അഞ്ചുപേരെയും കടത്തിവിട്ടിട്ടില്ല.
ആരോഗ്യവകുപ്പ് അധികൃതരും പോലീസും സ്ഥലത്തുണ്ടെങ്കിലും കൃത്യമായ നിർദേശമില്ലാത്തതു കാരണമാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാൻ കഴിയാത്തത്.
റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്തെത്തിയാലേ കടത്തിവിടാൻ കഴിയൂവെന്ന് പോലീസ്പറഞ്ഞു. നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്.