തൃശൂർ: ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ചേലക്കര എസ്എംടി സ്കൂളിലെ അധ്യാപകൻ എളനാട് നീളംപള്ളിയാൽ ഗോപകുമാറിന്റെ (53) ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ജനുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലെ മലയാളം അധ്യാപകനും എൻസിസിയുടെ ചുമതലക്കാരനുമായ ഗോപകുമാറിനെ കാണുന്നതിനു റൂമിലേക്കു ചെന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി.
പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ചേലക്കര പോലീസ് പോക് സോ നിയമപ്രകാരം കേസെടുത്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ അധ്യാപകനെ ഫെബ്രുവരി രണ്ടിനു കോഴിക്കോടുനിന്നുമാണ് അറസ്റ്റു ചെയ്തത്.
എന്നാൽ പീഡനത്തിന് ഇരയായെന്നു പറയുന്ന കുട്ടിക്കു ബുദ്ധിമാന്ദ്യമുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടി കോടതി പ്രതിക്കു ജാമ്യം അനുവദിക്കുകയായിരുന്നു.
പിന്നീട് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ആദിത്യയുടെ നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ചേലക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും പെണ്‍കുട്ടിയുടെ അമ്മയും ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു.
അപ്പീൽ പരിഗണിച്ച ഹൈക്കോടതി തൃശൂർ പോക്സോ കോടതി പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് ഉത്തരവു നൽകുകയും ചെയ്തു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇയാളെ ചേലക്കര പോലീസ് അറസ്റ്റു ചെയ്തു.