അമ്പമ്പോ ഇത് എന്തൊരു ബില്ല്‌ ! മദ്യശാലകള്‍ തുറന്നപ്പോള്‍ രാജ്യത്തെല്ലായിടത്തും വന്‍തിരക്ക്; 52,841 രൂപയുടെ മദ്യബില്‍ വിവാദമാകുന്നു…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഒന്നരമാസമായി അടച്ചിട്ട മദ്യശാലകള്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തുറന്നപ്പോള്‍ വന്‍ തിരക്കാണ് എല്ലായിടത്തും അനുഭവപ്പെട്ടത്.

മദ്യം വാങ്ങാന്‍ സുരക്ഷാമാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ജനം ഒഴുകിയപ്പോള്‍ പലയിടത്തും മദ്യശാലകള്‍ പൂട്ടേണ്ട അവസ്ഥ വന്നു.

ലോക്ഡൗണ്‍ ഇളവില്‍ വന്‍തോതില്‍ മദ്യം വാങ്ങിക്കൂട്ടുകയും അതിന്റെ ആവേശത്തില്‍ 52,841 രൂപയുടെ ബില്‍ വാട്സാപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്തയാളാണ് ഇപ്പോള്‍ കുരുക്കിലായിരിക്കുന്നത്. ഇയാള്‍ക്ക് മദ്യം നല്‍കിയ മദ്യശാലയ്‌ക്കെതിരേയും കേസുണ്ട്.

തിങ്കളാഴ്ചയാണ് വന്‍തുകയ്ക്ക് മദ്യം വാങ്ങിയ ബില്‍ വാട്സാപില്‍ പ്രചരിച്ചത്. കര്‍ണാടക എക്സൈസ് വകുപ്പാണ് പരിധിയില്‍ കൂടുതല്‍ മദ്യം വിറ്റതിന് വില്‍പ്പനശാലയ്ക്കും വാങ്ങിയയാള്‍ക്കുമെതിരേ കേസെടുത്തത്.

ചില്ലറ വില്‍പ്പനശാലകളില്‍ പ്രതിദിനം ഒരു ഉപഭോക്താവിന് 2.6 ലീറ്ററില്‍ കൂടുതല്‍ വിദേശമദ്യമോ 18 ലീറ്ററില്‍ കുടുതല്‍ ബീയറോ വില്‍ക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസ്.

തിങ്കളാഴ്ച പ്രചരിച്ച ബില്ലില്‍ ബെംഗളൂരു സൗത്തിലെ താവരെക്കേരെയിലെ വനില സ്പിരിറ്റ് സോണ്‍ എന്ന മദ്യ ചില്ലറ വില്‍പ്പന ശാലയ്‌ക്കെതിരെയാണ് കേസെടുത്തത്. ബില്‍ പ്രകാരം 13.5 ലീറ്റര്‍ വിദേശമദ്യവും 35 ലീറ്റര്‍ ബിയറും വിറ്റതായാണ് തെളിവ്.

ഒറ്റബില്ലാണെങ്കിലും എട്ടുപേരുടെ സംഘമാണ് മദ്യം വാങ്ങിയതെന്നാണ് മദ്യശാല ഉടമയുടെ വാദം.

ബാങ്കിന്റെ ഒറ്റ കാര്‍ഡിലൂടെ വില്‍പന നടത്തിയതിനാലാണ് ഒറ്റ ബില്‍ നല്‍കേണ്ടിവന്നതെന്നാണ് വിശദീകരണമെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാകും നടപടി സ്വീകരിക്കുകയെന്നും എക്‌സൈസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, ഇത്തരത്തില്‍ കൂടുതല്‍ മദ്യം വാങ്ങിയ സംഭവങ്ങള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മംഗളൂരുവിലെ ഒരു മദ്യശാലയില്‍ നിന്ന് തിങ്കളാഴ്ച 59,952 രൂപയുടെ മദ്യം വാങ്ങിയ ബില്ലും സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

എന്തായാലും മദ്യശാലയ്ക്കു മുമ്പിലെ തിരക്ക് എല്ലായിടത്തും ക്രമാതീമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Related posts

Leave a Comment