
കല്ലടിക്കോട്: മലയോരമേഖലയിൽ കാട്ടാനക്കൂട്ടം കൃഷികൾ സ്ഥിരമായി നശിപ്പിക്കുന്നതിനാൽ പ്രദേശത്തെ കർഷകർ പ്രതിസന്ധിയിലായിരിക്കുന്നു.
കരിന്പ പഞ്ചായത്തിലെ മീൻവല്ലം, കരിമല, മുണ്ടനാട്, പാലക്കയം വില്ലെജിലെ ഇഞ്ചിക്കുന്ന്, ചീനിക്കപ്പാറ, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ സ്ഥിരമായി എത്തുന്നത്. കഴിഞ്ഞ ദിവസം കരിമലയിൽ കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുകയും ചക്കയും മാങ്ങയും തിന്നുകയും ചെയ്തു.
ഉൾക്കാട്ടിൽ നിന്നും ഇറങ്ങിവരുന്ന ആന പകൽ കൃഷിയിടത്തിൽ എത്തി കാർഷിക വിളകൾ തിന്നു നശിപ്പിക്കുന്നത് പതിവാണ്. പാലക്കയത്ത് ശിരുവാണി റോഡിൽ എത്തിയ ആന ചക്കയും മാങ്ങയും വാഴക്കുലകളും തിന്നു തീർത്തു.
രുന്നൂറേക്കർ ഭാഗത്ത് എത്തിയ ആന രാത്രി കാട്ടിൽ കയറുന്നതും പതിവാണ്. വിളകൾ നശിപ്പിക്കുന്നതല്ലാതെ ആളുകലേയോ, വീടുകളേയോ ആക്രമിക്കാത്തത് നാട്ടുകാരെ ആശ്വാസത്തിലാക്കിയിട്ടുണ്ട്.
വനത്തിനുള്ളിൽ വെള്ളവും തീറ്റയും ഉണ്ടെങ്കിലും കാട്ടാനകൾ സ്ഥിരമായി നാട്ടിലേയ്ക്കിറങ്ങുന്നത് തടയാൻ അധികാരികൾ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. രാത്രി ഇരുട്ടിയാൽ കാട്ടാനകൾ കാടിറങ്ങുകയും കൃഷിയിടങ്ങളിൽ കറങ്ങി വിള തിന്നുനശിപ്പിച്ച് നേരം പുലരുംമുന്പ് കാട്ടിലേക്ക് മടങ്ങുകയുമാണ്.
ഞായറാഴ്ച പുലർച്ച ഇരുന്പകചോല ടോണി തോമസിന്റെ തോട്ടത്തിലെത്തിയ രണ്ടു കാട്ടുകൊന്പന്റെ ചിത്രങ്ങൾ തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞത്. ചക്കക്കൊതി മൂത്ത കാട്ടാനകളാണ് ജനങ്ങൾക്ക് വിനയായത്.
കയ്യറ, വടക്കുന്പുറം,കയറംകോടം, പുലിയംപുള്ളിവടക്കന്റെ കാട്, തുടങ്ങിയ പ്രദേശങ്ങളിലും രണ്ടുദിവസം മുന്പ് കാട്ടാന ഇറങ്ങിയിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ കർഷകർക്കുണ്ടായിട്ടുണ്ട്.