ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് പ്രസവാനന്തരം ഡിസ്ചാർജ് ചെയ്തശേഷം നവജാത ശിശുവുമായെത്തിയ യുവതിയേയും 12 വയസുള്ള കുട്ടിയേയും, യുവതിയുടെ മാതാവിനേയും, താമസിച്ചിരുന്ന ലയത്തിൽ കയറാൻ അനുവദിച്ചില്ല.
തുടർന്ന് ആലുവ ശ്രീമൂലനഗരം പഞ്ചായത്തംഗം കെ.പി. അനൂപ് ഇടപെട്ട് രാത്രിയോടെ ഗവണ്മെന്റ് എൽപി സ്കൂളിൽ രാത്രി കഴിയുന്നതിന് സൗകര്യം ചെയ്തു നല്കി. ഇന്നലെ രാത്രിയിലാണ് സംഭവം. ആലുവ ശ്രീ മൂലനഗരം പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് യുവതി.
ഇവർ പ്രസവ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തി. ഇതിനിടയിൽ ഇവരുടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചു പോയി. മെഡിക്കൽ കോളജിൽ, ഇവരോടൊപ്പം 12 വയസുള്ള മകളും മാതാവും മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇവർ ആണ് കഞ്ഞിന് ജന്മം നൽകി.
മൂന്നു ദിവസം മുന്പു മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാചാർജ് ചെയ്തെങ്കിലും നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാതായി. വിവരമറിഞ്ഞ ഗൈനക്കോളജി അധികൃതർ നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ അറിയിച്ചു.
അദ്ദേഹം ഇന്നലെ മെഡിക്കൽ കോളജിലെത്തി ഇവർക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും മരുന്നും വാങ്ങി നല്കി ഇന്നലെ വൈകുന്നേരത്തോടെ ആലുവ ശ്രീമൂല നഗരത്തിലെ ഇവർ താമസിക്കുന്ന ലയത്തിൽ എത്തിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നെത്തിയവരാണ് എന്ന പേരിൽ ഇവരെ ലയത്തിൽ താമസിപ്പിക്കാൻ മറ്റുള്ളവർ തയാറായില്ല.
വിവരം അറിഞ്ഞ് ഫാക്ടറി ഉടമ സ്ഥലത്തെത്തുകയും വാർഡംഗം കെ.പി. അനൂപിനെ സംഭവം അറിയിക്കുകയും ചെയ്തു. അനൂപ് എത്തി ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച് ശ്രീ മൂലനഗരം സർക്കാർ എൽപി സ്കൂളിൽ രാത്രി കഴിഞ്ഞുകൂടുന്നതിന് അവസരം ഒരുക്കി.
ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും, അധികൃതരുടേയും ഫാക്ടറി ഉടമയുടേയും സഹായത്തോടെ ഇവർക്ക് താമസ യോഗ്യമായ ഒരു വാടക വീട് സഞ്ജീകരിച്ച് കൊടുക്കുമെന്ന് വാർഡംഗം കെ.പി. അനൂപ് രാഷ്്ട്രദീപികയോടു പറഞ്ഞു.