കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഓറഞ്ച് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട്ട് ഇന്നലെ നിയന്ത്രണങ്ങള്‍ മറികടന്ന് റോഡുകളിൽ വൻ വാഹനപ്രവാഹം ഉണ്ടായത് കണക്കിലെടുത്ത് ഇന്ന് കർശന വാഹന പരിശോധനയുമായി പോലീസ്.
തിങ്കളാഴ്ച “അപ്രത്യക്ഷമായ ‘പോലീസ് പിക്കറ്റ് പോസ്റ്റുകൾ ഇന്നുരാവിലെ പുനഃസ്ഥാപിച്ചാണ് പരിശോധന. സത്യവാങ്ങ്മൂലം കൈയിൽ കരുതാതെയും മാസ്ക്ക് ധരിക്കാതെയും പുറത്തിറങ്ങിയ നിരവധി പേർ കുടുങ്ങി. സാധനങ്ങൾ വാങ്ങാനെന്ന പേരിൽ ഇരുചക്രവാഹനങ്ങളിലും മറ്റും നഗരത്തിലേക്ക് വന്നവരാണ് കുടുങ്ങിയത്.
ഓരോ കുറ്റത്തിനും 500 രൂപ തോതിൽ ഇവരിൽനിന്ന് പിഴ ഈടാക്കി.
ബാങ്ക് റോഡ് ജംഗ്ഷനിൽ കൺട്രോൾ റൂം അസി. കമീഷണർ എൽ. സുരേന്ദ്രൻ. ടൗൺ എസ്ഐ കെ.ബിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ മുതൽ കർശന പരിശോധന തുടരുകയാണ്.
എരഞ്ഞിപ്പാലം ബൈപാസിൽ നടക്കാവ് ഇൻസ്പെക്ടർ ടി.കെ.അഷ്റഫ്, മെഡിക്കൽ കോളജ് റോഡിൽ കസബ ഇൻസ്പെക്ടർ വി.കെ.സിജിത്ത്, ബീച്ച് റോഡിൽ വെള്ളയിൽ ഇൻസ്പെക്ടർ ജി.ഗോപകുമാർ, വെള്ളിമാടുകുന്നിൽ ചേവായൂർ ഇൻസ്പെക്ടർ ടി.പി.ശ്രീജിത്ത്, മെഡിക്കൽ കോളജ് പരിസരത്ത് ഇൻസ്പെക്ടർ മൂസ വള്ളിക്കാടൻ, ദേശീയപാതയിലെ എലത്തൂരിൽ ഇൻസ്പെക്ടർ കെ.കെ.ബിജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാവിലെ 10നകം തന്നെ ഇരുനൂറോളം പേരിൽനിന്ന് പിഴ ഈടാക്കി.
മാസ്ക്ക് കഴുത്തിൽ തൂക്കിയിട്ട് യാത്രചെയ്തവരടക്കം 500 രൂപ പിഴഒടുക്കേണ്ടിവന്നു. സത്യവാങ്ങ്മൂലം ഇല്ലാതെയാണ് പലരും യാത്രചെയ്യുന്നത്. പോലീസ് പിഴ ഈടാക്കുന്നതിനിടെ തന്ത്രത്തിൽ സത്യവാങ്ങ്മൂലം എഴുതാൻ ശ്രമിച്ച യുവാവിനെ ടൗൺ എസ്ഐ കെ.ബിജിത്ത് കൈയോടെ പിടികൂടി പിഴ ഈടാക്കി.
ഇന്നലെ പോലീസ് പരിശോധനയിൽ അലംഭാവം കാണിച്ചതായി പരാതി ഉയർന്നതിനെതുടർന്ന് ഇന്നു മുതൽ ലോക്ഡൗൺ തീരുന്നതുവരെ കർശന പരിശോധന നടത്താൻ സിറ്റി പോലീസ് കമീഷണർ എ.വി.ജോർജ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം യാത്രാരേഖകൾ കാണിക്കുന്നവരെ പോലീസ് യാത്രതുടരാൻ അനുവദിക്കുന്നുണ്ട്.
മിഠായിത്തെരുവിൽ തിങ്കളാഴ്ച നിരവധി കച്ചവടസ്ഥാപനങ്ങൾ തുറന്നത് കണക്കിലെടുത്ത് രണ്ട് ടീം പോലീസിനെ അവിടെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഇളവ് അനുസരിച്ചുള്ള വ്യാപാരസ്ഥാപനങ്ങൾ മാത്രമെ തുറക്കാൻ അനുവദിക്കൂവെന്ന് പോലീസ് അറിയിച്ചു. അനധികൃതമായി കടകൾ തുറക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ ആരോഗ്യവകുപ്പിനോടും ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസം നീണ്ടു നിന്ന ലോക്ക്ഡൗണ്‍ കാലഘട്ടം പൂര്‍ണമായും അവസാനിച്ചെന്ന് കരുതി ഇന്നലെ നിരവധി പേരാണ് ഗ്രാമനഗരങ്ങളിലെ റോഡുകളിലേക്കിറങ്ങിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത് ആരോഗ്യപ്രവര്‍ത്തകരെയും ആശങ്കയിലാക്കിയിരുന്നു.
അടിയന്തരസാഹചര്യങ്ങളില്പെടാത്ത സ്വകാര്യയാത്രകള്‍ കര്‍ശനമായി നിരോധിച്ചിരുന്നെങ്കിലും പരിശോധനയില്‍ ഇന്നലെ പോലീസ് വരുത്തിയ ഇളവ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന് കാരണമായി.
അതത് ജില്ലകളില്‍ നിന്നും ഇത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ ജാഗ്രത കുറവുണ്ടായാല്‍ മഹാമാരി വീണ്ടും പടര്‍ന്നുപിടിക്കാനുള്ള സാധ്യതയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.