ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ കപ്പലില്‍ തിരികെ കൊണ്ടുവരുന്നത് വൈകും. നാവികസേന കപ്പലുകള്‍ക്ക് യുഎഇ അനുമതി നല്‍കാത്തതാണ് കാരണം.
തയാറെടുപ്പിനു കുറച്ചു സമയം വേണമെന്ന് ദുബായ് അറിയിച്ചതായി ഇന്ത്യന്‍ ഏംബസി നാവികസേനയെ അറിയിച്ചു. കപ്പലുകള്‍ അനുവാദത്തിനായി കാത്തിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയോടെ രണ്ടു കപ്പലുകളാണ് ദുബായിലേക്കു പുറപ്പെട്ടത്.
അതേസമയം, വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനത്തില്‍ തിരികെ കൊണ്ടുവരുന്നത് വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. മേയ് ഏഴ് മുതൽ 14 വരെയുള്ള ഏഴ് ദിവസങ്ങളിൽ 64 വിമാന സർവീസുകൾ നടത്തി 14,800 പേരെ നാട്ടിലെത്തിക്കും.
അബുദാബി, ദുബായ്, ദോഹ, റിയാദ് എന്നിവിടങ്ങളിൽനിന്നുള്ള ആദ്യ നാലു വിമാനങ്ങൾ നാളെ കേരളത്തിലെത്തും. അബുദാബിയിലും ദോഹയിലും നിന്നു കൊച്ചിയിലേക്കും ദുബായിലും റിയാദിലും നിന്ന് കോഴിക്കോട്ടേക്കുമാണ് സർവീസ്. മൊത്തം 800 പേർ വ്യാഴാഴ്ച കേരളത്തിലെത്തും.
15 വിമാനങ്ങളിലായി 3,150 പേരാണ് ഏഴ് ദിവസങ്ങളിലായുള്ള ആദ്യഘട്ടത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നത്.