നെയ്യാറ്റിന്‍കര : ഇന്നലെ വൈകുന്നേരം ഉണ്ടായ കാറ്റിൽ ജില്ലയിൽ വ്യാപക നാശം.നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശങ്ങളിലും വീശിയടിച്ച കാറ്റിൽ വ്യാപകനാശം.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും വൈദ്യുതി കന്പികള്‍ പൊട്ടി. വ്യാപാര സ്ഥാപനങ്ങളിലെ മേല്‍ക്കൂരയിലെ ബോര്‍ഡുകള്‍ തെറിച്ചു റോഡില്‍ പതിച്ചു.
നഗരസഭ പ്രദേശത്തെ ചില വീടുകളിലെ മേല്ക്കൂരകളിലെ ഷീറ്റുകള്‍ തകർന്നു. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മരം ഒടിഞ്ഞ് സമീപത്തെ റോഡിൽ വീണു.
പഴയ താലൂക്ക് ഓഫീസ് പരിസരത്തെ ഒരു മരവും നിലംപൊത്തി. പത്താംകല്ലില് പകല്‍വീടിനു സമീപത്ത് വീടിനു മുകളിലേയ്ക്ക് മരം വീണു.
നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തും അമരവിള കണ്ണംകുഴി, ചിറ്റാകോട്, വട്ടവിള, പുന്നയ്ക്കാട്, പിരായുംമൂട്, മാരായമുട്ടം, ചെന്പരത്തിവിള എന്നിവിടങ്ങളിലും മരങ്ങള്‍ നിലംപതിച്ചു.വൈദ്യുതി കന്പികളിലേയ്ക്ക് മരങ്ങള്‍ വീണതോടെ പലയിടത്തും വിദ്യുത്ച്ഛക്തിബന്ധം നിലച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള അരശു മരം നിലംപൊത്തി
പാറശാല: ഇന്നലെ പെയ്തകനത്ത മഴയിൽ പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിനു മുന്നിലെ കൂറ്റൻ അരശ് നിലംപൊത്തി. വൈകുന്നേരം നാലിന് ക്ഷേത്രത്തിനു പടിഞ്ഞാറെ നടയ്ക്കു മുന്നിൽ തെക്കുഭാഗത്തായി നിന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വമ്പൻ അരശ് കടപുഴകിയത്.
ക്ഷേത്രത്തിനു പുറത്തെ ചുറ്റുമതിലിനു മുകളിലൂടെ വീണ മരം ക്ഷേത്ര ചുറ്റുമതിൽ തകർത്ത് സമീപത്തെ കൃഷ്ണമ്മയുടെ വീടിനു മുകളിലേയ്ക്കാണ് പതിച്ചത്.വീഴ്ചയിൽ കോവിൽവിളാകം കൃഷ്ണമ്മയുടെവീടിന്റെ മതിൽ പൂർണമായും തകർന്നു.വീടിന്റെ സൺ ഷെയ്ഡ് ,വാട്ടർ ടാങ്ക്, ആസ്ബറ്റോസ് ഷീറ്റുകൾ, വീടിനോടു ചേർന്നുള്ള പെട്ടിക്കടതുടങ്ങിയവയും തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.
ഫയർഫോഴ്സെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. വൻ അപകടം സംഭവിച്ചിട്ടും ദേവസ്വം ബോർഡിന്റെ എസ്ജിഒ അടക്കമുള്ള ഉന്നതഉദ്യോഗസ്ഥർ സ്ഥലത്തെത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നൂറ്റാണ്ടുകളായി നിന്നിരുന്ന ദേവ വൃക്ഷങ്ങളിൽപ്പെടുന്ന നിലംപതിച്ച അരശിനെ താന്ത്രിക വിധി പ്രകാരം സംസ്കരിക്കണമെന്ന് ഭക്തജനങ്ങൾ പറഞ്ഞു.
അമരവിളയില്‍ ആലിപ്പഴം വീണു
നെയ്യാറ്റിന്‍കര: നാട്ടുകാരില്‍ കൗതുകമുണര്‍ത്തി അമരവിളയില്‍ ആലിപ്പഴം പെയ്തു. മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതൊരുപോലെ കൗതുകമായി. കല്ലുമഴ പെയ്യുന്നതായാണ് ആദ്യം അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആറ്റിങ്ങൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു
ആറ്റിങ്ങൽ: വീശിയടിച്ച കാറ്റിൽ ആറ്റിങ്ങൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.കൂറ്റൻ പരസ്യ ബോർഡുകൾ തകർന്ന് വീണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിൽ വീണു. പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം താറുമാറായി.
കടുവയിൽ, മൂന്നുമുക്ക്, കാട്ടുംപുറം, കീഴാറ്റിങ്ങൽ, കരിച്ചയിൽ എന്നിവിടങ്ങളിലാണ് വീടുകൾക്ക് മുകളിൽ മരം വീണത്. തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവായത്.
കാളിവിളാകം ദേവീ ക്ഷേത്രത്തിന് സമീപത്തെ വൻ മരം ഒടിഞ്ഞു വീണ് സമീപത്തെ കടകൾക്കും, റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേട് സംഭവിച്ചു. ശക്തമായ ഇടിമിന്നലിൽ ഫയർ ഫോഴ്സിന്റെ ഫോൺ തകരാറിലായത് രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമായി.
ദേശീയ പാതയിൽ മൂന്നുമുക്ക് മുതൽ മാമം വരെ നിരവധി മരങ്ങൾ കടപുഴകി ഗതാഗതം തടസപ്പെട്ടു. കടുവയിൽ ഹൃദയപൂർവം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണ് കേട് സംഭവിച്ചു.
വീടിന് മുകളിൽ തെങ്ങ് വീണ് ഇരട്ട കുട്ടികൾക്ക് പരിക്കേറ്റു
വിഴിഞ്ഞം : മുല്ലൂരിൽ വീടിന് മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ ഏഴര വയസുള്ള ഇരട്ട കുട്ടികൾക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
ഇന്നലെ വൈകിട്ട് പെയ്ത മഴയോടൊപ്പം വീശിയടിച്ച കാറ്റിലാണ് മരങ്ങൾ കടപുഴകിയത് . മുല്ലൂർ തലയ്ക്കോട് അനിലിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണതിനെ തുടർന്ന് അനിലിന്റെ ഏഴരവയസുള്ള ഇരട്ടകുട്ടികളായ ഏയ്ബു, ഏയ്ഞ്ചൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഷീറ്റ് മേഞ്ഞ വീടിന് മുകളിൽ തെങ്ങ് വീണതിനെതുടർന്ന് ചുമരിന്റെ ഭാഗം തെറിച്ച് കുട്ടികളുടെ തലയിൽ വീണാണ് പരിക്കേറ്റത്.വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് തെങ്ങ് മുറിച്ച് മാറ്റിയത്.