കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് ഹോം ക്വാറന്റൈന് കര്‍ശനമാക്കാന്‍ ‘ലോക്ക് ദ ഹൗസ്’ പദ്ധതിയുമായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി.
തിങ്കളാഴ്ച മുതലാണ് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ തിരിച്ചെത്തിത്തുടങ്ങിയത്. നാളെമുതല്‍ വിദേശമലയാളികളും വന്നുതുടങ്ങും. പ്രവേശന പോയിന്റില്‍ പരിശോധന നടത്തിയാണ് ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണമുള്ളവരെ നേരിട്ട് ആശുപത്രിയിലേക്ക് അയയ്ക്കും.
മറ്റുള്ളവര്‍ വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് നിര്‍ദേശം. ഹോം ക്വാറന്റൈന് പ്രായോഗികമല്ലാത്തവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ ഇവര്‍ക്ക് ക്വാറന്റൈൻ സൗകര്യമാരുക്കും.
എന്നാല്‍ ഹോം ക്വാറന്റൈനില്‍ ഒരു വീഴ്ചയും ഉണ്ടാകരുതെന്നാണ് ദുരന്തനിവാരണ അഥോറിറ്റി യോഗത്തിന്റെ തീരുമാനം. ഇതിനാണ് ലോക്ക് ദ ഹൗസ് ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നത്.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍’എന്നതായിരിക്കും സ്റ്റിക്കര്‍. അനാവശ്യമായ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ഇതിന്റെ ലക്ഷ്യം.
ക്വാറന്റൈന് വ്യവസ്ഥകളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശവും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രാദേശികമായി നിരീക്ഷണവുമുണ്ടാകും.
ജനകീയസമിതിയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രണ്ടു പാളികളായുള്ള നിരീക്ഷണസംവിധാനമാണ് ജില്ലയില്‍ നടപ്പിലാക്കുക. വാര്‍ഡംഗത്തിന്റെ നേതൃത്വത്തിലുള്ള സമിതിക്കായിരിക്കും വാര്‍ഡുതലത്തില്‍ ഈ പ്രവര്‍ത്തനത്തിന്റെ ചുമതല. അതിനുകീഴില്‍ ഏതാനും വീടുകള്‍ക്ക് പ്രത്യേക നിരീക്ഷണസമിതിയും ഉണ്ടാകും.
ഇതിനുപുറമെയാണ് രണ്ടാം പാളിയായി പോലീസിന്റെ നിരീക്ഷണം. നേരിട്ടുള്ള നിരീക്ഷണത്തോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വീഡിയോകോള്‍ വഴിയും ക്വാറന്റൈനില്‍ കഴിയുന്നവരുമായി പോലീസ് ബന്ധപ്പെടും. ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.