തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തിലുള്ള പ്രവാസികളിൽ സാന്പത്തിക ബുദ്ധിമുട്ടുകാരണം വിദേശത്തു നിന്നു നാട്ടിലേയ്ക്ക് തിരികെ വരാൻ പറ്റാത്തവർക്ക് വിമാന ടിക്കറ്റ് നൽകുമെന്ന് കെഎസ് ശബരിനാഥൻ എംഎൽഎ.
ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം എംഎൽഎ അറിയിച്ചത്. അരുവിക്കര നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പേരും സാധാരണക്കാരാണ്. നാട്ടിലേക്ക് വിമാന സർവീസ് ആരംഭിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ തിരികെ വരാൻ കഴിയാത്ത ആളുകളുടെ എണ്ണം ചെറുതല്ല.
അതിനാൽ താനൊരു മുൻകൈ എടുക്കുകയാണ്. നോർക്കയിൽ രജിസ്റ്റർ ചെയ്ത, ഗൾഫ് മേഖലകളിൽ നിന്ന് തിരികെ വരാൻ ആഗ്രഹിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള 10 പ്രവാസികൾക്കുള്ള ടിക്കറ്റ് വ്യക്തിപരമായും സുഹൃത്തുക്കളുടെയും സംഘടനകളുടെ സഹായത്തോടെയും നൽകും.
സഹായഹസ്തങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അരുവിക്കരയിലുള്ള കൂടുതൽ പ്രവാസികളെ ഇതിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.