വടകര: കാമുകിയെ തട്ടിക്കൊണ്ടുപോകാൻ തിരുവനന്തപുരത്തുനിന്ന് ആംബുലൻസിൽ എത്തിയ മൂന്നംഗ സംഘം വടകര പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം ചിറിയൻകീഴിലെ കിഴുവിലം ഉണ്ണി ക്വാർട്ടേഴ്സിൽ ശിവജിത്ത് (22), വെള്ളക്കടവ് സ്വദേശി ഉണ്ണി (29), അരമട പുന്നക്കമുകൾ മേലേ പുത്തൻ വീട്ടിൽ സബീഷ് (34) എന്നിവരാണ് പിടിയിലായത്.
പൂവാടൻഗേറ്റിനു സമീപത്തുനിന്ന് ആംബുലൻസ് സഹിതം കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുരിയാടിയിലെ പെണ്‍കുട്ടിയെ തേടി എത്തിയതാണെന്ന മറുപടി കിട്ടിയത്. ആംബുലൻസുമായി ഇവരെ ചൊവ്വാഴ്ച രാവിലെ ചോറോട് ഭാഗത്ത് കണ്ടിരുന്നു.
നാട്ടുകാർ അറിയിച്ചതുപ്രകാരം പോലീസെത്തി ചോദ്യംചെയ്തെങ്കിലും രോഗിയെ കൊണ്ടുപോകാൻ വന്നതാണെന്ന് മറുപടി കിട്ടി. പിന്നീടാണ് വടകര-കുരിയാടി റോഡിൽ കണ്ടത്.
നാട്ടുകാരും പിന്നാലെയെത്തിയ റവന്യൂവകുപ്പ് സംഘവും കാര്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല. വീണ്ടും പോലീസെത്തി കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ വന്നതാണെന്ന് ഇവർ പറയുന്നത്.
ലോക്ക്ഡൗണായതിനാൽ സംശയം തോന്നാതിരിക്കാൻ ആംബുലൻസിൽ തിരുവനന്തപുരത്തുനിന്നു വടകരയ്ക്കു തിരിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോവുന്നതിന് എത്തിയതിന് പരാതിയൊന്നുമില്ലാത്തതിനാൽ ലോക്ക്ഡൗണ്‍ ലംഘിച്ചതിനും ആംബുലൻസ് ദുരുപയോഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം.