ബോയ്സ് ലോക്കർ റൂം വിവാദത്തിനു പിന്നാലെ ഡൽഹിയിലെ കൗമാരക്കാരായ ആണ്‍കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ച് ബോളിവുഡ് താരങ്ങൾ.
രാജ്യതലസ്ഥാനത്തെ ചില കൗമാരക്കാരായ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടുന്ന ഒരു സ്വകാര്യ ഇൻസ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പിലെ, വിദ്യാർഥിനികളെ മാനഭംഗത്തിന് ഇരയാക്കുന്നതിനെ കുറിച്ചുള്ള ചാറ്റ് സ്ക്രീൻഷോട്ടുകൾ വലിയ ചർച്ചയായിരുന്നു.
ഈ ആണ്‍കുട്ടികളിൽ പലരും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകൾ ഷെയർ ചെയ്യുകയും അവരെ കൂട്ട മാനഭംഗത്തിന് ഇരയാക്കുന്നതിനെ കുറിച്ച് ആസൂത്രണം ചെയ്യുന്നതുമായ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ചോർന്നത്.
ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സോനം കപൂർ. ആണ്‍കുട്ടികൾ ഇങ്ങനെ നശിച്ചു പോയതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് സോനം കപൂർ കുറിച്ചു.
മനുഷ്യരോട് ബഹുമാനമില്ലാത്ത തരത്തിൽ സ്വന്തം കുട്ടികളെ വളർത്തി വലുതാക്കിയ മാതാപിതാക്കളും ഒരുപോലെ കുറ്റക്കാരാണെന്ന് സോനം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ പ്രശസ്തമായ അഞ്ച് സ്കൂളിലെ 11,12 ക്ലാസുകളിൽ പഠിക്കുന്ന 20 പേരാണ് ഈ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെന്ന് പോലീസ് സൈബർ സെൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഒരാളെ കസ്റ്റഡിയിലെടുത്തു, മൊബൈൽ ഫോണ്‍ പിടിച്ചെടുത്തു. ഗ്രൂപ്പ് പോലീസ് ഡിയാക്ടിവേറ്റും ചെയ്തു.