തിരുവനന്തപുരം: പ്രവാസികളെ വരവേൽക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് മന്ത്രി കെ.കെ. ഷൈലജ. പ്രവാസികൾ വിമാനത്താവളത്തിൽ എത്തുന്നതു മുതൽ പരിശോധിച്ച് ആവശ്യമുള്ളവർക്ക് മികച്ച ചികിത്സയും പരിചരണവും നൽകും. ഇതിനു സൗകര്യമൊരുക്കുകയും ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. എല്ലാ വിമാനത്താവളങ്ങളിലും വന്നിറങ്ങുന്നവർക്ക് പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകൾ തയാറാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കരുതൽ ആപ്പ്, എറണാകുളത്ത് ആയുർരക്ഷാ ആപ്പ്, കോഴിക്കോട്ട് ആഗമനം ആപ്പ് എന്നിങ്ങനെയാണ് പേര്. നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പൂർണ വിവരങ്ങൾ ഇതിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ പ്ലാൻ എ, ബി, സി എന്നിങ്ങനെ തിരിച്ച് 27 കോവിഡ് ആശുപത്രികൾ ഉൾപ്പെടെ 207 സർക്കാർ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്.
ആവശ്യമെങ്കിൽ ഉപയോഗിക്കാൻ പ്ലാൻ സിയിൽ 125 സ്വകാര്യ ആശുപത്രികളും സമ്മതം അറിയിച്ചിട്ടുണ്ട്. 11,084 ഐസൊലേഷൻ കിടക്കകളും 1679 ഐസിയു കിടക്കകളുമാണ് ഇതിലൂടെ സജ്ജമാക്കിയിരിക്കുന്നത്.