തന്റെ പേരിൽ സോഷ്യൽ മീഡിയകളിൽ ഇടപെടലുകൾ നടത്തുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരേ തെന്നിന്ത്യൻ താരസുന്ദരി സ്വാതി റെഡ്ഢി. ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ തനിക്ക് അക്കൗണ്ട് ഇല്ലെന്നും ഇൻസ്റ്റഗ്രാമിൽ മാത്രമാണ് അക്കൗണ്ടുള്ളതെന്നുമാണ് സ്വാതി പറയുന്നത്. തന്റെ പേരിൽ ആരാണ് ട്വീറ്റ് ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നാണ് സ്വാതി പറയുന്നത്.
എനിക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ല, ഇനി പുതിയതൊന്ന് എടുക്കാനും ഉദ്ദേശിക്കുന്നില്ല. 2011 വരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതുമില്ല. എനിക്ക് ഒരു ഫേസ്ബുക്ക് പേജുണ്ട്. അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണ്.
ഇപ്പോൾ അത് തികച്ചും നിഷ്ക്രിയവുമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് അക്കൗണ്ട് ഉള്ളത്. വ്യാജ അക്കൗണ്ടുകൾ എന്റെ ശ്രദ്ധയിൽ പെടുത്തിയവർക്ക് നന്ദി.
ഈ അക്കൗണ്ടുകളിൽ ഇടയ്ക്കിടെ ആരോ വരികയും പോകുകയും ചെയ്യുന്നുണ്ട്. ആരാണ് നിങ്ങൾ? ഇത് ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമല്ലെന്ന് എനിക്കറിയാം. വീട്ടിലിരിക്കുന്ന ഞാൻ ഈ വ്യാജ·ാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
എനിക്ക് പോലും ഓണ്ലൈനിൽ ചെലവഴിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല, അപ്പോൾ എന്റെ പേരിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് എവിടെ നിന്നാണ് സമയം ലഭിക്കുന്നത്. വ്യാജ പ്രൊഫൈൽ, വ്യാജവാർത്തകൾ, വ്യാജ പോസ്റ്റുകൾ, വ്യാജമായ റിലേഷൻഷിപ്പ് സ്റ്റാറ്റസുകൽ, വ്യാജ ചിത്രങ്ങൾ, വ്യാജമായ പോസിറ്റീവ് എനർജി.
എന്നെ 1990 കളിലേക്ക് തിരികെ കൊണ്ടുപോകൂ. അന്ന് ലാൻഡ്ലൈൻ ഫോണുകൾ നല്ല ശബ്ദ നിലവാരത്തിലുള്ള ഫോണ് സംഭാഷണങ്ങൾ ഉറപ്പു വരുത്തിയിരുന്നു, അന്നൊക്കെ ഒരു ചാറ്റൽ മഴ വന്നാൽ വൈദ്യുതി പോകുമായിരുന്നു, ഐസ്ക്രീമും എഗ് പഫ്സും ദൂരദർശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതൽ ഉൻമേഷം നൽകിയിരുന്നു- സ്വാതി കുറിക്കുന്നു.
മുന്പു സ്വാതി വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയും താരം രംഗത്തുവന്നിരുന്നു. ഭർത്താവ് വികാസിനൊപ്പമുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്നു നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു നടിക്കെതിരെ ആരോപണം ഉയർന്നത്.
ഇതിന് മറുപടിയായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വീഡിയോ പങ്കുവച്ചായിരുന്നു നടി എത്തിയത്. ഭർത്താവിനൊപ്പമുളള ചിത്രങ്ങൾ ആർകൈവ് ചെയ്ത് വെച്ചതായിരുന്നു സ്വാതി.