കടുത്തുരുത്തി: കോവിഡ് പ്രതിരോധത്തിനിടയിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കി മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്.
കോവിഡിനെ പ്രതിരോധിക്കാൻ പഞ്ചായത്തിലെ മെംബർമാരും ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും എല്ലാ വാർഡുകളിലും പ്രവർത്തിക്കുന്പോൾ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ് സുനു ജോർജും മൂന്നംഗ സംഘവും.
വാർഡുകളിലെ സാംക്രമികരോഗ പകർച്ചാ സാധ്യതയുള്ള മേഖലകൾ മെംബർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വാർഡുതല ശുചിത്വ കമ്മിറ്റി കണ്ടെത്തി മാപ്പ് ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
എലിപ്പനി നിർമാർജനത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് പണിയെടുക്കുന്ന കർഷകർ, മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, കൂലിവേല ചെയ്യുന്നവർ ഉൾപ്പെടെ എല്ലാവർക്കും ബോധവൽക്കരണം നടത്തി വരുന്നു.
മെംബർമാരും ആരോഗ്യ പ്രവർത്തകരും ആശപ്രവർത്തകയും അടങ്ങുന്ന മൂന്നംഗ പ്രവർത്തനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി പരിസര ശുചീകരണവും ഉറവിടനശീകരണവും നടത്താൻ വീടുകളിലും റബർതോട്ട ഉടമകൾക്കും നിർദേശം നൽകുന്നുണ്ട്.
മഞ്ഞപിത്ത പ്രതിരോധത്തിന്റെ ഭാഗമായി പൊതുകിണറുകളും സ്വകാര്യ കിണറുകളും കുടിവെള്ള പദ്ധതികളും കുടിവെള്ള സ്രോതസുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരണം നടത്താനും ആരംഭിച്ചിട്ടുണ്ട്.