കോഴിക്കോട് : ഓറഞ്ച് സോണിൽ ഇളവനുവദിച്ച് സിറ്റിപോലീസ്. ഓറഞ്ച് സോണിലായ കോഴിക്കോട് ജില്ലയിൽ ഏതാനും ഹോട്ട്സ്പോട്ടുകളുള്ളതിനാൽ ഇന്നലെവരെ കർശന റോഡ് പരിശോധന ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലൊന്നും പുതിയ കോവിഡ് കേസുകൾ ഉണ്ടാവാത്തതും ചിലരുടെ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് ഇന്നുരാവിലെ മുതൽ പരിശോധനയിൽ ഇളവുണ്ടായത്.
പോലീസ് പിക്കറ്റുകൾ അതേപടി ഉണ്ടെങ്കിലും വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നില്ല. എന്നാൽ സംശയംതോന്നുന്ന ചിലരെ തടഞ്ഞ് പരിശോധിക്കുന്നുണ്ട്. പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പരിശോധന കർശനമാക്കാനാണ് പോലീസ് തീരുമാനം.
അതേസമയം ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി ജില്ലാ കളക്ടര്‍ ഉത്തരവായി.
ഇതിന്റെ പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും . ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ ഒഴികെ രണ്ടു നിലകളിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ജില്ലയിൽ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല.
മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി തുടങ്ങിയ മാര്‍ക്കറ്റ് സെന്ററുകളില്‍ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഹോള്‍സെയില്‍ തുണിക്കച്ചവടകേന്ദ്രങ്ങള് ജില്ലയില്‍ എവിടെയും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
കോഴിക്കോട് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ അഞ്ചു മണിവരെയായിരിക്കും. സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജ്വല്ലറി ഷോപ്പുകള്‍, ബഹുനില കെട്ടിടങ്ങളുള്ള ആവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാര കേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതും മത്സരങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നടത്തുന്നതും ഒാഡിറ്റോറിയങ്ങളില്‍ വച്ചുള്ള പരിപാടികള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.