ചെന്നൈ: ഇന്ത്യക്ക് ഐസിസിയുടെ പ്രധാന കിരീടങ്ങളെല്ലാം സമ്മാനിച്ച ക്യാപ്റ്റനായ മഹേന്ദ്രസിംഗ് ധോണി കരിയറിന്റെ തുടക്കത്തില്‍ വളരെ ലജ്ജാലുവും തീരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളുമായിരുന്നെന്ന് ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്.
എല്ലാവരും ഒത്തുകൂടിയാലും മറ്റുള്ളവരുടെ മുറിയിലേക്ക് എത്തിനോക്കുക പോലും ചെയ്യാത്ത ആളായിരുന്നു ധോണി. “മങ്കിഗേറ്റ്’’ വിവാദത്തിലൂടെ കുപ്രസിദ്ധമായ 2008 ലെ സിഡ്നി ടെസ്റ്റിനു ശേഷമാണ് ധോണി സഹതാരങ്ങളോടൊക്കെ മിണ്ടാന്‍ തുടങ്ങിയതെന്നും ഹര്ഭജന് വെളിപ്പെടുത്തി.
ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തിലാണ് പഴയകാല ധോണിയെക്കുറിച്ച് ഹര്ഭജന് മനസു തുറന്നത്. “ഞങ്ങളൊരുമിച്ച് ഒട്ടേറെ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പര്യടനവും നടത്തിയിട്ടുണ്ട്.
അന്നൊക്കെ എംഎസ് (ധോണി) വളരെ ലജ്ജാലുവായിരുന്നു. അദ്ദേഹം ഒരിക്കലും ഞങ്ങളുടെയൊന്നും റൂമുകളിലേക്ക് വരില്ല. സ്വന്തം റൂമില്‍ അടച്ചുപൂട്ടിയിരിക്കും. ഞങ്ങള്‍ സച്ചിന്, സഹീര്‍ ഖാന്, ആശിശ് നെഹ്റ, യുവരാജ് തുടങ്ങിയവരെല്ലാം ആഘോഷമാക്കും. ധോണി ശാന്തനായി മുറിയില്‍ ഒതുങ്ങിക്കൂടും’’- ഹര്ഭജന് വിവരിച്ചു.
“ഇതിനിടയിലാണ് 2008 ലെ ഓസീസ് പര്യടനം വരുന്നത്. സിഡ്നി ടെസ്റ്റിലെ വിവാദത്തോടെ ഇന്ത്യന്‍ ടീമിനുള്ളില്‍ വളരെ ഒത്തൊരുമയുണ്ടായി. ഈ ഘട്ടത്തില്‍ ഒത്തൊരുമിച്ചു നില്‍ക്കേണ്ടവരാണ് നമ്മളെന്ന തോന്നല്‍ ടീമംഗങ്ങളില്‍ ഉണ്ടായി.
അന്നു മുതലാണ് ധോണി ശരിക്കു വായ തുറന്നു സംസാരിക്കുന്നത് ഞങ്ങള്‍ കണ്ടത്. മാത്രമല്ല, ഒഴിവുസമയങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം വന്നിരിക്കാനും തുടങ്ങി. അന്ന് അദ്ദേഹം തീരെ ചെറുപ്പമായിരുന്നുവെന്നും മറക്കരുത്’’ – ഹര്ഭജന് പറഞ്ഞു.
ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിനായി കളിച്ചശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കു കൂടുമാറിയപ്പോള്‍ മഞ്ഞ ജഴ്സിയോട് വളരെ അപരിചിതത്വം തോന്നിയെന്നും ഹര്ഭജന് വെളിപ്പെടുത്തി.
ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരങ്ങള്‍ പോലെയായിരുന്നു മുംബൈ-ചെന്നൈ മത്സരങ്ങളെന്നും ഹര്ഭജന് പറഞ്ഞു. എതിര് പാളയത്തിലേക്കുള്ള വരവ് ആദ്യം ബുദ്ധിമുട്ടായിരുന്നുവെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞു.