ന്യൂഡല്‍ഹി: ഐഒഎയും നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷനും സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് സൗജന്യ സേവനവുമായി സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ.
സായിയുടെ സ്റ്റേഡിയങ്ങളില്‍ ഇനി മുതല്‍ ഐഒഎയ്ക്കും എന്എസ്എഫിനും സൗജന്യമായി മത്സരങ്ങള്‍ നടത്താം. എന്നാല്‍ ഭക്ഷണവും പാനീയങ്ങളും മത്സരം നടത്തുന്നവര്‍ നല്‍കണം. സ്റ്റേഡിയങ്ങള്‍ക്കുള്ള വാടക സായ് നേരത്തെതന്നെ ഒഴിവാക്കിയിരുന്നു.
മത്സരങ്ങളുടെ സംഘാടര്‍ക്ക് ആ സമയത്തുള്ള ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. വൈദ്യുതി, ജലം, ഹൗസ് കീപ്പിംഗ്, ഹോസ്റ്റല്‍ എന്നിവയെല്ലാം ഐഒഎയ്ക്കും എന്എസ്എഫിനും ഇനി മുതല്‍ സൗജന്യമായി ഉപയോഗിക്കാം.
കായിക മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സേവനങ്ങള്‍ എല്ലാം സായ് ഏറ്റെടുക്കുന്നതെന്ന് ഉത്തരവിലുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സ്റ്റേഡിയങ്ങളുടെ വാടക വേണ്ടെന്നുവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.