കൊട്ടാരക്കര: തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. നഗരസഭയുടെ ഒന്നാം ഡിവിഷനും അതിനോട് ചേർന്ന അവണൂർ ഭാഗത്തുമാണ് കഴിഞ്ഞദിവസം രാവിലെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. അഞ്ചു പേർക്കും മറ്റു നായകൾക്കും കടിയേറ്റു.
രാവിലെ ആറോടെ അവണൂർ നിസാർ മൻസിൽ ഷൈലയെ വീടിനുള്ളിൽ കയറിയാണ് നായ കടിച്ചത്. തുടർന്ന് അവണൂർ ജംഗ്ഷന് സമീപം ജി .എസ് ഭവനിൽ ഗോപിനാഥൻപിള്ള, പെരുമ്പുറത്തുവീട്ടിൽ ജാനമ്മ, തെക്കേ ചെറുവാഴോട്ടു വീട്ടിൽ ഭാസ്കരൻപിള്ള, സലിം മനസിൽ ഷീന എന്നിവർക്കും നായയുടെ കടിയേറ്റു .
പേ പിടിച്ച തെരുവ് നായ നാട്ടിലിറങ്ങി എന്ന വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. തുടരെ തുടരെ ആളുകൾക്ക് കടിയേറ്റതോടെ നാട്ടുകാർ നായയെ തല്ലിക്കൊന്നു. മറ്റ് തെരുവ് നായകൾക്കും പേ വിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത് നാട്ടിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്.
കടിയേറ്റവർക്കു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ വിഷബാധക്കുള്ള റാബിൻ വാക്സിൻ എടുത്തശേഷം ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് വിടുകയായിരുന്നു.
മുറിവിനുള്ള ഇൻജക്ഷൻ മരുന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇല്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത് .ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.