ന്യൂഡൽഹി: രാജ്യത്ത് അടുത്ത രണ്ട് മാസങ്ങളിൽ കോവിഡ് കേസുകൾ അതിന്റെ പാരമ്യത്തിലെത്താമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ. നിലവിലെ പ്രവണത അനുസരിച്ച് കോവിഡ് വ്യാപനത്തിന്റെ ഏറ്റവും ഉയർന്ന നിരക്ക് ജൂണിൽ ആയിരിക്കുമെന്നും ഗുലേരിയ പറഞ്ഞു.
കോവിഡ് വ്യാപനം പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കും. സമയമെടുത്ത് മാത്രമേ ഈ ഘടകങ്ങൾ വൈറസ് വ്യാപനത്തെ എത്രത്തോളം ബാധിക്കുമെന്നും ലോക്ക്ഡൗൺ നീട്ടിയതിന്റെ ഫലത്തെക്കുറിച്ചും അറിയാൻ സാധിക്കുകയുള്ളെന്നും ഗുലേരിയ കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ വലിയ സ്വാധീനമാണ് ചലുത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ നമ്മുടെ രോഗവ്യാപന തോത് വളരെ കുറവാണ്. രോഗവ്യാപനം എത്രത്തോളം നീണ്ടുനിൽക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല.
എന്നാൽ രോഗം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കഴിഞ്ഞാൽ അത് താഴേക്കിറങ്ങുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. കോവിഡ് -19 വ്യാപനം ജൂണിൽ പാരമ്യത്തിലെത്തുമെന്നും തുടർന്ന് താഴേക്ക് വരുമെന്നും പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകളുടെ വർധന പരിശോധനയിലെ വർധനവാണ്, പക്ഷേ, കേസുകൾ ഇപ്പോൾ ചില പ്രദേശങ്ങളിലായി പരിമിതപ്പെട്ടിരിക്കുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.