കൊച്ചി: ഭര്‍ത്താവില്‍നിന്നു കുട്ടിയെ താല്കാലികമായി വിട്ടുകിട്ടാന്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതി നല്കിയ ഹര്‍ജിയില്‍ കോവിഡ് പരിശോധന നടത്തി ഫലം ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
ഹര്‍ജിക്കാരിയുടെ ചെലവില്‍ കോവിഡ് പരിശോധന നടത്തി ഫലം നല്കാന് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് രോഗബാധ ഇല്ലെന്നാണ് റിസള്ട്ടെങ്കില് ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കാമെന്നും ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയാണ് ഹര്‍ജിക്കാരി. തൊടുപുഴ കുടുംബക്കോടതിയില്‍ നിലവിലുള്ള കുടുംബത്തര്ക്ക കേസില്‍ കുട്ടിയുടെ സംരക്ഷണം നേരത്തെ പിതാവിനു നല്കി ഉത്തരവിട്ടിരുന്നു.
വിദേശ രാജ്യങ്ങളിലുള്‍പ്പെടെ കോവിഡ് ഭീഷണി വ്യാപകമായതോടെ കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് ഹര്‍ജിക്കാരി നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തി കുട്ടിയെ താത്കാലികമായി വിട്ടുകിട്ടാന്‍ കുടുംബക്കോടതിയെ സമീപിച്ചെങ്കിലും ഈ അപേക്ഷ നിരസിച്ചു.
ഹര്‍ജിക്കാരി ഇതുവരെ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന ഭര്‍ത്താവിന്റെ ആരോപണം കണക്കിലെടുത്താണ് കോടതി അപേക്ഷ തള്ളിയത്.
ഇതിനെതിരേ ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കോവിഡ് പരിശോധന നടത്തി ഫലം ഹാജരാക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.