കോട്ടയം: ജില്ലയിലേക്ക് എത്തുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് ഒരുക്കിയിരിക്കുന്നതു വിപുലമായ സൗകര്യങ്ങൾ. ഇവർക്കായി വിവിധയിടങ്ങളിലായി 183 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
15,000 മുറികൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഐസൊലേഷൻ സൗകര്യങ്ങളോടു കൂടിയത് 5200. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വാർഡുകളിലായി 700 കിടക്കകൾ തയാറാക്കിയിട്ടുണ്ട്. 140 വെന്റിലേറ്റർ സൗകര്യമുള്ള തീവ്രപരിചരണ വിഭാഗവും ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികൾ, സ്കൂൾ കോളജ് ഹോസ്റ്റലുകൾ, എംജി സർവകലാശാല ഹോസ്റ്റൽ, താമസ സൗകര്യമുള്ള ഹോട്ടലുകൾ, എന്നിവയിലെ മുറികളും ഐസൊലേഷൻ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. കട്ടിൽ, മേശ, കസേര, ശുചിമുറി സൗകര്യംഎന്നിവയുണ്ടാകും.
ഹോസ്റ്റലുകളിൽ ഏഴു പേർക്കു വരെ താമസിക്കാവുന്ന ഡോർമറ്ററി സംവിധാനവുമുണ്ട്. ഐസൊലേഷനിൽ കഴിയുന്നവർക്കു ഭക്ഷണം എത്തിച്ചു നല്കേണ്ട ചുമതല തദേശ ഭരണ സംവിധാനങ്ങളെയാണ് ഏൽപിച്ചിരിക്കുന്നത്. രാവിലെ ഇഡ്് ലി, ദോശ, ഉപ്പുമാവ്, അപ്പം തുടങ്ങിയവയും വെജിറ്റബിൾ കറിയും നല്കും.
ഉച്ചയ്ക്കു വെജിറ്റേറിയൻ ഉൗണ്, വൈകുന്നേരം ലഘുഭക്ഷണവും ചായയും, രാത്രിയിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും എന്നിങ്ങനെ നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലയിലേക്ക് ഇന്നു പുലർച്ചെ എത്തിയതു 14 പേരാണ് . ഇവരിൽ നാലു ഗർഭിണികളും രണ്ടു കുട്ടികളും 77 വയസുള്ള ഒരാളും ഉൾപ്പെടുന്നു.
13 പേർ നെടുന്പാശേരി വഴിയും ഒരാൾ കരിപ്പൂർ വഴിയുമാണ് എത്തിച്ചേർന്നത്. പരിശോധനകൾക്കുശേഷം ഇളവുകൾ അനുവദിക്കപ്പെട്ട ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ തുടങ്ങിയവരെ പൊതുസന്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയുന്നതിന് അനുവദിച്ചിട്ടുണ്ട്.
മറ്റുള്ള ഏഴു പേരെയാണ് സൗകര്യപ്രദമായ നിരീക്ഷണ കേന്ദ്രങ്ങളിൽ എത്തിച്ചിരിക്കുന്നത്. വീടുകളിൽ കഴിയുന്നവരും നിരീക്ഷണ കേന്ദ്രങ്ങളിലുള്ളവരും ക്വാറന്റയിൻ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യപ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹോം ക്വാറന്റയിൻ നിർബന്ധം
വിദേശത്തുനിന്നു പുറപ്പെട്ട സമയത്ത് പരിശോധനയ്ക്കു വിധേയരാകാത്ത പ്രവാസികൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റയിനിൽ കഴിയണം.
നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ് നോർക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെട്ട സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തിയ കോവിഡ് നെഗറ്റീവായവർ ഏഴു ദിവസം ക്വാറന്റയിനിൽ കഴിയണം.
രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരെ വീടുകളിലേക്ക് അയയ്ക്കും. തുടർന്നുള്ള ഏഴു ദിവസം ഇവർ വീടുകളിൽ ക്വാറന്റയിനിൽ കഴിയണം. സർക്കാർ ക്വാറന്റയിനിലേക്ക് മാറ്റുന്നവരെ വീടിനടുത്തുള്ള സ്ഥലങ്ങളിൽ താമസിപ്പിക്കും.