കൊച്ചി: നീണ്ടനാളുകള്ക്കുശേഷം എറണാകുളം ജില്ലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വര്‍ധന. ഇന്നലെമാത്രം 361 പേരെയാണു ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്.
ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 820 ആയി. ഇതില്‍ പത്തു പേര് ഹൈറിസ്ക്ക് വിഭാഗത്തിലും 810 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ എറണാകുളം ജില്ലക്കാരിയായ 30 വയസുള്ള യുവതിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
വൃക്ക രോഗിയായ ഇവര്‍ ചികിത്സാര്‍ഥം കഴിഞ്ഞ ആറിന് റോഡ് മാര്‍ഗം എത്തുകയും, ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയുമായിരുന്നു. കഴിഞ്ഞ മാസം നാലിനാണു ജില്ലയില്‍ അവസാനമായി കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പിന്നീട് തുടര്‍ച്ചയായ 33 ദിവസം ഒരൊറ്റ പോസിറ്റീവ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഇന്നലെ 41 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവ് കേസും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇന്നലെ പുതുതായി പത്തു പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ ആറുപേരെയും സ്വകാര്യ ആശുപത്രികളില്‍ നാലുപേരെയുമാണു പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പത്തു പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 17 പേരാണു നിരീക്ഷണത്തിലുള്ളത്. അതിനിടെ, ഇതര സംസ്ഥനങ്ങളില്‍നിന്ന് ഇതുവരെ 1,280 പേര് റോഡ് മാര്‍ഗം ജില്ലയിലെത്തി. ഇതില്‍ റെഡ്സോണ്‍ മേഖലയില്‍പെട്ട സ്ഥലങ്ങളില്‍നിന്നെത്തിയ 160 പേരെ കണ്ടെത്തി കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി.
ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലായി 216 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ 878 കോളുകള്‍ കണ്ട്രോള് റൂമില്‍ ലഭിച്ചു. ഇതില്‍ 303 കോളുകള്‍ പൊതുജനങ്ങളില്നിന്നുമായിരുന്നു. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഇന്നലെ 4,290 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു. ഇന്നലെ ജില്ലയില്‍ 93 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ചു. ഇതില്‍ 72 എണ്ണം പഞ്ചായത്തുകളിലും 21 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങള്‍ വഴി 4,530 പേര്‍ക്ക് ഭക്ഷണം നല്കി. ഇതില്‍ 486 പേര് അതിഥിത്തൊ ഴിലാളികളാണ്.
വീടുകളില്‍ നിരീക്ഷണത്തിലുള്ള പത്തു ഗര്‍ഭിണികളുടെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യപ്രവത്തകര്‍ ഫോണ്‍ വഴി ശേഖരിച്ചു. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൊച്ചി നഗരസഭ പ്രദേശത്ത് ഇന്നലെ 23 സ്ഥാപനങ്ങള്‍ പരിശോധിച്ചു.
കൊച്ചി തുറമുഖത്ത് എത്തിയ നാല് കപ്പലുകളിലെ 161 ജീവനക്കാരെയും 205 യാത്രക്കാരെയും പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ 18 ഹൗസ് സര്ജന്മാരെ നിയോഗിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലേക്ക് എത്തിയവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രി / ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കണ്ട്രോള് റൂമിലോ ഉടന്‍ തന്നെ ഫോണ്‍ വഴി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.