കോഴിക്കോട്: സ്വദേശത്ത് മടങ്ങിയെത്തുന്ന പ്രവാസികളെയും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും ക്വാറന്റൈൻ ചെയ്യാൻ വൻ തയാറെടുപ്പുമായി കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ്.
അശോകപുരത്തെ ജവഹർ നഗർ ഹൗസിംഗ് കോളനിക്കടുത്ത ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ മുന്നൂറിലധകം പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നെത്തുവരെ ചാത്തമംഗലം എൻഐടി ഹോസ്റ്റലിലാണ് താമസിപ്പിക്കുന്നത്.
അവിടെ തിരക്ക് വർധിക്കുന്നപക്ഷം ആളുകളെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റും. ഏപ്രിൽ എട്ടിന് പ്രവർത്തനം തുടങ്ങിയ ഈ ക്വാറന്റൈൻ കേന്ദ്രത്തിലെ ഡോർമെറ്ററിയിൽ നിലവിൽ 22 പേർ താമസിക്കുന്നുണ്ട്.
ഇവരിൽ കൂടുതലും ഇതര സംസ്ഥാനത്തുനിന്ന് വന്ന ലോറി തൊഴിലാളികളാണ്. രണ്ട് ബഹുനില ഡോർമറ്ററികളിലായി 275 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗസ്റ്റ്ഹൗസ് കെട്ടിടത്തിൽ 25ൽപരം മുറികളുമുണ്ട്.
കൂടുതൽ ശ്രദ്ധവേണ്ടവർക്ക് സിംഗിൾ മുറി അനുവദിക്കും. ബീച്ച് ആശുപത്രിയിലെ നഴ്സ് വിപിന്റെ നേതൃത്വത്തിൽ ഗവ.ബീച്ച് ആശുപത്രിയിലെ മൂന്നു നഴ്സുമാർക്കാണ് കേന്ദ്രത്തിന്റെ ചുമതല.
ബീച്ച് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ രോഗലക്ഷണം ഇല്ലാത്തവർക്കാണ് ഇവിടെ പ്രവേശനം. രോഗലക്ഷണമുള്ളവരെ ഉടനടി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയാണ് ചെയ്യുക. പോലീസിന്റെ സഹായവും ഇവിടെ ഒരുക്കിയിട്ടുണ്ട്.