കൊച്ചി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ കൊച്ചിയില്‍ മാസ്കുകളുടെ വഴിയോര കച്ചവടം തകൃതി. കൊച്ചിയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തിലുള്ള വില്‍പ്പന പൊടിപൊടിക്കുകയാണ്.
ഒറ്റ തവണമാത്രം ഉപയോഗിക്കാവുന്ന മാസ്ക്കുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വിറ്റഴിക്കുന്നു. പാക്കറ്റുകളിലാക്കിയും അല്ലാതെയും വിറ്റഴിക്കുന്ന ഇത്തരം മാസ്ക്കുകള്‍ പല യാത്രികരും വാങ്ങുന്നുണ്ട്. ധരിച്ചുനോക്കിയശേഷമാണു ഇഷ്ടമുള്ളവ പലരും തെരഞ്ഞെടുക്കുന്നത്.
ആദ്യം എടുക്കുന്ന മാസ്ക് ഇഷ്ടമായില്ലെങ്കില്‍ അവിടെതന്നെ വച്ചശേഷം മറ്റൊന്ന് തെരഞ്ഞെടുക്കുന്നതും പതിവ് കാഴ്ച. ഇത് രോഗഭിതീ വളര്‍ത്തുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന് പരിസരത്തും വാഹനങ്ങള്‍ കൂടുതലായി കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ മാസ്ക് വില്‍പ്പന സജീവമാണ്. ചിലര്‍ പാക്കറ്റുകളിലാക്കി വില്ക്കുന്പോൾ മറ്റ് ചിലര്‍ ലോട്ടറി വില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്ന സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ മാസ്ക്കുകളുടെ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നു.
കോവിഡ് രോഗബാധയുടെ തുടക്കത്തില്‍ പലരും മാസ്ക്കുകള്‍ക്കു തോന്നിയ വില ഈടാക്കിയിരുന്നെങ്കില്‍ നിലവില്‍ കൊള്ളയടി ഇല്ലെന്നാണ് വാങ്ങുന്നവര്‍ വ്യക്തമാക്കുന്നത്.