ചെന്നൈ: കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് കോവിഡ് ബാധിച്ചവരുടെ എണ്ണം ഇരട്ടിയും ഇതില്‍ അഞ്ചുശതമാനവും കുട്ടികള്‍ ആവുകയും ചെയ്തതോടെ തമിഴ്നാട് കടുത്ത ആശങ്കയില്‍.
ഈ നില തുടര്‍ന്നാല്‍ തമിഴ്നാട്ടില്‍ കോവിഡിനെ നിയന്ത്രിക്കാൻ പറ്റില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാല്‍ തമിഴകത്ത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരാന്‍ കാരണമെന്ന മറുവാദവും നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചു ദിവസമായി കോവിഡ് ബാധിതരുടെ എണ്ണം ദിവസവും 500നും 700നും ഇടയിലായിരുന്നു. ഇന്നലെ മാത്രം 600 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ ആകെ എണ്ണം 6,009 ഉം മരണം നാല്പതുമായി.
ഇതില്‍ പകുതിയും ചെന്നൈയിലാണ്. ചെന്നൈയെ കൊറോണയുടെ കേന്ദ്രമാക്കിമാറ്റിയ കോയമ്പേട് മാര്ക്കറ്റില്നിന്നുമാത്രം ആയിരത്തില്‍ അധികം പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
സംസ്ഥാനത്തതിന്റെ വിവിധ ഭാഗങ്ങളിലേക്ക് രോഗവാഹകരായി പോയവരെ ദിനം പ്രതി കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഈ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെന്നൈയില്‍ മുഴുവന്‍ അടച്ചിടല്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ലക്ഷക്കണക്കിനു പേരാണ് ഒരു മുന്‍കരുതലും എടുക്കാതെ ഈ മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്. ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
രോഗ പ്രതിരോധത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ എല്ലാവരും 25നും 50 തിനും വയസിനിടയിലുള്ളവരാണ്. അമ്പതുവയസിനു മുകളിലുള്ളവരെയും മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരേയും ഓഫീസിലിരുത്തി ജോലിചെയ്യിച്ചാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
എന്നിട്ടും 10 ഡോക്ടര്‍മാര്‍ക്കും നാല് നഴ്സുമാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട് ഇപ്പോള്‍. കുട്ടികളില്‍ രോഗം ബാധിക്കുന്നത് ആശങ്കാജനകമെന്നാണ് അരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കുട്ടികള്‍ വീടിനു പുറത്തിറങ്ങുന്നില്ലെങ്കിലും ജോലിക്കു പുറത്തുപോകുന്ന മാതാപിതാക്കളില്‍നിന്നാണ് ഇവര്‍ക്ക് രോഗം പകരുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ തമിഴ്നാട്ടില്‍ സ്കൂള്‍ തുറക്കല്‍ വളരെയേറെ നീളാനാണ് സാധ്യത.
ചെന്നൈ കോര്പറേഷന് ആരോഗ്യ ജോയിന്റ് കമ്മീഷ്ണര്‍ മധുസൂദനന് റെഡി പറയുന്നത് കൂടുതല്‍ പരിശോധനകള്‍ തമിഴ്നാട്ടില്‍ നടത്തുന്നതുകൊണ്ടാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്നത് എന്നാണ്.
ഏപ്രില്‍ ഒന്നിന് തമിഴ്നാട്ടില്‍ ആകെ നടത്തിയ പരിശോധനകള്‍ 3000 മാത്രമായിരുന്നെങ്കില്‍ ഇന്നത് ദിവസവും 13000 ത്തില്‍ അധികമാണ്. ഇതുവരെ ആകെ രണ്ടേകാല്‍ ലക്ഷത്തോളം ടെസ്റ്റുകളും നടത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല പ്രവര്‍ത്തനമാണ് കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.